ലൈസൻസില്ലാത്ത ബേക്കറിക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തി
1479442
Saturday, November 16, 2024 5:41 AM IST
കോഴിക്കോട്: ഭക്ഷ്യ സുരക്ഷ ലൈസൻസ് ഇല്ലാത്ത ബേക്കറിക്ക് ആർഡിഒ ഒരു ലക്ഷം രൂപ പിഴ ചുമത്തി. കോഴിക്കോട് ഫറോക്കിൽ പ്രവർത്തിക്കുന്ന മെട്രോ ബേക്കറിക്ക് കോഴിക്കോട് ആർഡിഒ ഹർഷിൽ ആർ. മീണയാണ് പിഴ ചുമത്തിയത്. ബേപ്പൂർ ഭക്ഷ്യസുരക്ഷാ ഓഫീസർ വി.എസ്. നീലിമ കഴിഞ്ഞ ഓഗസ്റ്റിൽ നടത്തിയ പരിശോധനയിലാണ് ലൈസൻസ് ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയത്.
അതിന്റെ അടിസ്ഥാനത്തിൽ ആർഡിഒ കോടതിയിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ലൈസൻസ് ഇല്ലാതെ സ്ഥാപനങ്ങൾ നടത്തുന്നത് 10 ലക്ഷം രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്. ഹോട്ടലുകൾ മാത്രമല്ല ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങളും അവ സംഭരിച്ച് വിതരണം നടത്തുന്ന സ്ഥാപനങ്ങളും പഴം പച്ചക്കറി മത്സ്യം മാംസം മുതലായ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളും ലൈസൻസ് കരസ്ഥമാക്കേണ്ടതാണ്.
ഉന്തുവണ്ടികൾ, തട്ടുകടകൾ, തെരുവ് കച്ചവടം എന്നിവയ്ക്ക് ഭക്ഷ്യസുരക്ഷ രജിസ്ട്രേഷൻ നിർബന്ധമാണ്. ഇനിയും ഭക്ഷ്യസുരക്ഷാ ലൈസൻസ് എടുക്കാതെ വ്യാപാരം നടത്തുന്ന ഭക്ഷ്യ ഉത്പാദക സംഭരണ വിതരണ കേന്ദ്രങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം അസി. കമ്മീഷണർ എ. സക്കീർ ഹുസൈൻ അറിയിച്ചു.