വയോധികന് കാഴ്ച നഷ്ടമായ സംഭവം: ചികിത്സാ പിഴവ് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
1479806
Sunday, November 17, 2024 6:55 AM IST
കോഴിക്കോട്: ചുമയുമായി സ്വകാര്യാശുപത്രിയിലെത്തിയ വയോധികൻ ചികിത്സാപിഴവിനെ തുടർന്ന് അബോധാവസ്ഥയിലാവുകയും കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയും ചെയ്തുവെന്ന പരാതിയിൽ ജില്ലാ മെഡിക്കൽ ഓഫീസറും സിറ്റി പോലീസ് കമ്മീഷണറും അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ ജുഡീഷൽ അംഗം കെ. ബൈജുനാഥ്.
കോഴിക്കോട് സ്വകാര്യ ആശുപത്രിക്കും ഡോക്ടർമാർക്കുമെതിരെ അന്വേഷിക്കാനാണ് കമ്മീഷൻ ഉത്തരവിട്ടത്. കുതിരവട്ടം പറയഞ്ചേരി സ്വദേശി കോയ (67) യ്ക്ക് വേണ്ടി മകൻ മുഹമ്മദ് ഷാനു സമർപ്പിച്ച പരാതിയിലാണ് നടപടി. ആരോഗ്യവാനായിരുന്ന കോയ നഗരത്തില്‍ കോര്‍ണേഷന്‍ തിയറ്ററിന് സമീപം പലചരക്ക് കട നടത്തുന്നയാളാണ്.
ബ്രോൺകോസ്കോപ്പി നടത്തി പരിശോധനക്ക് സാമ്പിൾ എടുത്തപ്പോൾ ഉണ്ടായ കുറ്റകരമായ അശ്രദ്ധയും പിഴവും കാരണമാണ് ഇപ്പോഴത്തെ അവസ്ഥയുണ്ടായതെന്ന് പരാതിയിൽ പറയുന്നു. രോഗിയുടെ കാഴ്ച നഷ്ടമായെന്നും പരാതിക്കാരൻ അറിയിച്ചു. വെല്ലൂർ സിഎംസി ആശുപത്രിയിൽ നിന്നും വിദഗ്ധാഭിപ്രായം തേടിയെങ്കിലും രോഗിയുടെ നില ഗുരുതരമാണെന്നായിരുന്നു മറുപടി. ഇപ്പോൾ സ്വകാര്യാശുപത്രി രോഗിയെ വിടാൻ ശ്രമിക്കുകയാണെന്നും പരാതിയിൽ പറയുന്നു. ഡിസംബർ 20 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.