വേങ്ങേരി ദേശീയപാതയിലെ ഓവര്‍പാസ് നിര്‍മാണം അടുത്ത മാസം പൂര്‍ത്തിയാകും
1479428
Saturday, November 16, 2024 5:41 AM IST
സ്വന്തം ലേഖകന്‍
കോഴിക്കോട്: രണ്ടു മാസത്തിലേറെയായി നിർമാണ പ്രവൃത്തി മുടങ്ങിയ വേങ്ങേരി ദേശീയപാതയിലെ ഓവര്‍പാസ് നിര്‍മാണം അടുത്ത മാസം അവസാനത്തോടെ പൂര്‍ത്തിയാകും.ദേശീയപാതയിൽ ബാലുശേരി–കോഴിക്കോട് റോഡിനു കുറുകെ 45 മീറ്റർ നീളത്തിൽ നിർമിക്കുന്ന ഓവർപാസ് പൈപ്പ് മാറ്റാത്തതു കാരണം 13.75 മീറ്ററിൽ മാത്രമാണ് നിർമിക്കാനായത്. ശേഷിക്കുന്ന 31 മീറ്ററിലെ നിർമാണം ഡിസംബർ അവസാനം പൂർത്തീകരിച്ചു ഗതാഗതത്തിനു തുറന്നുകൊടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഈ റൂട്ടിൽ ഏഴുമാസം ഗതാഗതം തടസപ്പെട്ടതോടെ താൽക്കാലികമായി ഓവർപാസ് ഒരു ഭാഗം മാത്രം നിർമിക്കുകയായിരുന്നു. ജനകീയ പ്രക്ഷോഭത്തെ തുടർന്നു കഴിഞ്ഞ സെപ്റ്റംബറിലാണ് ഈ ഭാഗം തുറന്നു കൊടുത്തത്. പിന്നീട് ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് മാറ്റുന്നതിനായി ഓവർപാസ് നിർമാണം നിർത്തിവച്ചു. നിലവിലുള്ള റോഡിൽ നിന്നു 15 മീറ്റർ താഴ്ത്തിയാണ് ദേശീയപാത നിർമിച്ചത്. ഇവിടെ 11 തൂണുകളിലായി 16 ഗർഡർ സ്ഥാപിച്ചു റോഡിനു പകുതി ഭാഗം വരെയാണ് ഓവർപാസ് ആദ്യം നിർമിച്ചത്.
തുടർന്നു ഗതാഗതം പുനഃസ്ഥാപിക്കാൻ 13.75 മീറ്റർ കൂടി നിർമിച്ചു ബാലുശേരി റോഡുമായി ബന്ധിപ്പിച്ചു ഗതാഗതത്തിനു സൗകര്യം നൽകുകയായിരുന്നു. ശേഷിക്കുന്ന 31.15 മീറ്റർ ഓവർപാസ് നിർമിക്കുന്നതിനായാണ് ഇപ്പോൾ തൂൺ സ്ഥാപിക്കാൻ മണ്ണെടുക്കുന്നത്. ഓവർപാസ് പൂർത്തിയാകുന്നതോടെ ഏഴുറോഡുകള് കൂടിച്ചേരുന്ന ജംഗ്ഷനായി വെങ്ങേരിമാറും.