പേരാമ്പ്ര എസ്റ്റേറ്റിലെ മരം വിറ്റതിൽ അഴിമതിയെന്ന്; അലൂമിനിയം ടാങ്ക് കളവു പോയതും അന്വേഷിക്കണമെന്നാവശ്യം
1479172
Friday, November 15, 2024 4:32 AM IST
പേരാമ്പ്ര: പ്ലാന്റേഷൻ കോർപറേഷന്റെ പേരാമ്പ്ര എസ്റ്റേറ്റിൽ കഴിഞ്ഞ സാമ്പത്തിക വർഷം 113 ലോഡ് റബർ മരങ്ങൾ ലേലത്തിൽ വിറ്റ വകയിൽ കോർപറേഷന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായതെങ്ങനെയെന്ന് അന്വേഷിക്കണമെന്ന് പേരാമ്പ്ര എസ്റ്റേറ്റ് ലേബർ സെന്റർ (എച്ച്എംഎസ് ) യോഗം ആവശ്യപ്പെട്ടു. രണ്ടു മൂന്നു വർഷമായി ഈ തട്ടിപ്പ് തുടർന്നു വരികയാണ്. ഒരു ടണ്ണിന് 4100/- രൂപ വീതമാണ് കോർപറേഷന് ലഭിക്കുന്നത്. ഇപ്രകാരം ലക്ഷക്കണക്കിനു രൂപയാണ് സമീപകാലത്ത് കോർപറേഷന് നഷ്ടമുണ്ടാക്കിയിരിക്കുന്നത്.
ലേലമെടുത്തവർ മരം ലോറിക്ക് കൊണ്ടു പോകുമ്പോൾ ഒരു ജീവനക്കാരൻ തൂക്കമറിയാൻ കൂടെ പോവാറുണ്ട്. ഇയാളും ലേലമെടുത്തവരും ഒത്തു കളിച്ചാണ് തൂക്കത്തിൽ വെട്ടിപ്പു നടത്തുന്നത്. കോഴിക്കോട് വെയിംഗ് ബ്രിഡ്ജിൽ തൂക്കം രേഖപ്പെടുത്തി ഓരോ ലോഡിലും 40,000 രൂപയിൽ കുറയാത്ത തുക വെട്ടിപ്പു നടത്തിയെന്നാണ് സൂചന.
മാസങ്ങൾക്കു മുമ്പു തന്നെ പേരാമ്പ്ര എസ്റ്റേറ്റ് യൂണിയൻ പ്രതിനിധികളുടെ യോഗത്തിൽ ഇക്കാര്യത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടും മാനേജ്മെന്റിന്റെ ഭാഗത്തുനിന്നും യാതൊരുവിധ നടപടിയുമെടുത്തിട്ടില്ല. അതുപോലെ റീപ്ലാന്റെഷൻ നടക്കുന്ന സി ഡിവിഷനിലെ ലക്ഷങ്ങൾ വില വരുന്ന അലൂമനിയം ടാങ്ക് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കടത്തിയതായും പരാതി ഉയർന്നിരുന്നു. ഇതുസംബന്ധിച്ചും സമഗ്രമായ വിജിലൻസ് അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും എച്ച്എംഎസ് യോഗം ആവശ്യപ്പെട്ടു. യൂണിയൻ പ്രസിഡന്റ് കെ.ജി. രാമനാരായണൻ അധ്യക്ഷത വഹിച്ചു. വിജു ചെറുവത്തൂർ, കെ.പി. ശ്രീജിത്ത്, സി.കെ. സുരേഷ്, സിന്ധു മൈക്കിൾ, കെ.ജെ. ജോഷി. കെ.പി. ജിൻസി, കെ.കെ. സനോജ്, എം. ദിലീപ് വി.കെ. മനോജ് എന്നിവർ പ്രസംഗിച്ചു.
ഐഎന്‍ടിയുസി
പ്രതിഷേധം
പ്ലാന്റെഷൻ കോർപറേഷന്റെ പേരാമ്പ്ര എസ്റ്റേറ്റിൽ വീണു കിടക്കുന്ന മരങ്ങൾ ടെന്‍ഡര്‍ ചെയ്തതിന്റെ മറവിൽ വൻ കൊള്ള നടക്കുന്നത് ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി സ്വീകരിക്കാത്തതിൽ ഐഎന്ടിയുസിയോഗം പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരേ നടപടികൾ സ്വീകരിക്കാത്ത പക്ഷം പ്രത്യക്ഷ സമര പരിപാടികൾ ആരംഭിക്കാൻ യോഗം തീരുമാനിച്ചു. പ്രസിഡന്റ് സി.കെ. ബാലൻ അധ്യക്ഷതവഹിച്ചു.