റോഡ് നിർമാണത്തിലെ അപാകതകൾ; പരിഹരിക്കാത്തതിനെതിരേ വ്യാപക പ്രതിഷേധം
1479430
Saturday, November 16, 2024 5:41 AM IST
മുക്കം: മണാശേരി-ചെറുവാടി-കവിലട റോഡ് നിർമാണത്തിലെ അപാകതകൾ പരിഹരിക്കാത്തതിനെതിരേ പ്രതിഷേധം ശക്തമാകുന്നു. 37 കോടി ചെലവഴിച്ച് സംസ്ഥാന സർക്കാർ നിർമിക്കുന്ന റോഡിലെ തെയ്യത്തുംകടവ് മൊയ്തീൻ പാർക്ക് പരിസരത്താണ് നിർമാണത്തിലെ അപാകതകൾ വ്യാപകമായിട്ടുള്ളത്. സംരക്ഷണ ഭിത്തിയും ഓവുചാലും അനിവാര്യമായ ഭാഗത്ത് അവ രണ്ടും നിർമിക്കാതെ ഇന്റർലോക്ക് വിരിച്ച് റോഡ് പണി പൂർത്തിയാക്കുന്നതിനെതിരേയാണ് പ്രതിഷേധം.
ഈ പ്രവൃത്തി മൂലം റോഡിന്റെ ഇരുഭാഗങ്ങളിൽ നിന്ന് വരുന്ന മഴവെള്ളം റോഡിലും സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലും റോഡരികിലെ വിധവയുടെ വീട്ടുമുറ്റത്തും പരന്നൊഴുകുന്ന അവസ്ഥയാണിപ്പോഴുള്ളത്. ഒപ്പം സംരക്ഷണ ഭിത്തി നിർമിക്കാതെ ഇന്റർലോക്ക് പതിക്കുന്നതിനാൽ വലിയ അപകട സാധ്യതയുമുണ്ട്. സുന്നിയ്യ അറബിക് കോളജ്, ഹെവൻസ് പ്രീ സ്കൂൾ പോലെയുള്ള നിരവധി സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും വലിയ സുരക്ഷാ ഭീഷണിയാണ് ഇത് മൂലമുണ്ടാകുന്നത്. ഇത് സംബന്ധിച്ച് എംഎൽഎ , നഗരസഭ അധികാരികൾ, പൊതുമരാമത്ത് വകുപ്പ് എന്നിവർക്ക് നേരത്തെ പരാതികൾ നൽകിയിരുന്നെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല.
ഒപ്പം ഇതേ റോഡിലെ മണാശേരി മുതൽ പൊറ്റശേരി വരെയുള്ള ഭാഗങ്ങളിലെ മുഴുവൻ കയ്യേറ്റങ്ങളും റോഡ് പുതുക്കിപ്പണിയലിന്റെ ഭാഗമായി കെട്ടി സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ തെയ്യത്തുംകടവ് ഭാഗത്തെ കയ്യേറ്റങ്ങളുടെ രേഖാമൂലമുള്ള തെളിവുകൾ റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ കരാറുകാർക്കും മറ്റ് അധികാരികൾക്കും കൈമാറിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കയ്യേറ്റങ്ങൾക്ക് അധികൃതർ ഒത്താശ ചെയ്യുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാതെയുള്ള ഇപ്പോഴത്തെ റോഡ് നിർമാണ പ്രവൃത്തികൾ നിർത്തിവെയ്ക്കണമെന്ന് കടവ് റെസിഡൻസ് അസോസിയേഷൻ ജനറൽ ബോഡി യോഗം അധികൃതരോട് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി. പ്രസിഡന്റ് കെ.സി. ഹുസൈൻ അധ്യക്ഷത വഹിച്ചു.