കോട്ടപറമ്പില്‍ പൂര്‍ണ വന്ധ്യതാ ചികില്‍സ: ഫയല്‍ സര്‍ക്കാര്‍ പരിഗണനയില്‍
1429934
Monday, June 17, 2024 5:25 AM IST
കോഴിക്കോട്: കോഴിക്കോട് കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രിയിൽ വന്ധ്യതാ നിവാരണ ചികിത്സ വിപുലമാക്കുന്നു.
ഞായറൊഴികെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും വന്ധ്യതാ നിവാരണ ക്ലിനിക് പ്രവർത്തിക്കുന്നുണ്ട്. വൻ ചൂഷണം നിലനിൽക്കുന്ന വന്ധ്യതാ ചികിത്സാരംഗത്ത് സൗജന്യ സേവനമാണ് ആശുപത്രിയുടെ വാഗ്ദാനം. രണ്ടരവർഷംമുമ്പ് പ്രവർത്തനം തുടങ്ങിയ വന്ധ്യതാ ക്ലിനിക്കിന്റെ സേവനം അഞ്ഞൂറിലേറെ പേർ പ്രയോജനപ്പെടുത്തി.
ചികിത്സ തേടിയവരിൽ 150 കേസുകളിലാണ് ഗർഭധാരണം നടന്നത്. 130 കുഞ്ഞുങ്ങൾ പിറന്നു. രക്തം, ഹോർമോൺ, ബീജം, ട്യൂബിലെ തടസ്സം എന്നിവക്കുള്ള പരിശോധനകൾക്ക് സൗകര്യമുണ്ട്. ബീജ പരിശോധന എല്ലാ വെള്ളിയാഴ്ചകളിലുമാണ്. ലെവൽ രണ്ട് ചികിത്സ ആവശ്യമുള്ള രോഗികളെ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യും. മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗ നിർണയം പൂർത്തിയാകുന്ന മുറയ്ക്ക് തുടർ ചികിത്സാ സൗകര്യം കോട്ടപ്പറമ്പിൽ ഒരുക്കും.
അണ്ഡോൽപ്പാദനത്തിനുള്ള മരുന്നുകളും ഹോർമോൺ കുത്തിവയ്പുകളും വന്ധ്യതാ ക്ലിനിക്കിൽ ലഭ്യമാണ്.ഇൻട്രാ-യൂട്ടിറിൻ ഇൻസെമിനേഷൻ ചികിത്സയുമുണ്ട്.
പുരുഷബീജം സ്ത്രീയുടെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്നതാണ് ഈ ചികിത്സ. ലെവൽ രണ്ട് പ്രകാരമുള്ള പൂർണ ചികിത്സാ സൗകര്യം കോട്ടപ്പറമ്പിൽ ഏർപ്പെടുത്തുന്നതിനുള്ള പദ്ധതി സർക്കാർ പരിഗണനയിലാണ്. ഇതിനുള്ള രൂപരേഖ സർക്കാരിന് നേരത്തെ സമർപ്പിച്ചിരുന്നു.