തെരുവുനായ ആക്രമണം: നാലുപേര്‍ ആശുപത്രിയില്‍
1429433
Saturday, June 15, 2024 5:26 AM IST
തിരുവമ്പാടി: ജീവനു ഭീഷണിയായി അങ്ങാടിയിലും പരിസര പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം തുടരുന്നു. പുന്നക്കല്‍ അങ്ങാടിയില്‍ രണ്ടുപേര്‍ക്ക് നായയുടെ കടിയേറ്റു. പേ ബാധിച്ച നായയാണ് കടിച്ചതെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു. സമീപ പ്രദേശമായ പുല്ലൂരാംപാറ പള്ളിപ്പടിയിലും രണ്ടുപേര്‍ക്ക് നായയുടെ കടിയേറ്റു. പ്രഭാത സവാരിക്കിറങ്ങിയവരെയാണ് നായ കടിച്ചത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
പത്തിലധികം നായകളാണ് തിരുവമ്പാടി അങ്ങാടിയിലും പരിസര പ്രദേശങ്ങളിലും സദാസമയവും ചുറ്റിക്കറങ്ങുന്നത്. ഇരുചക്ര വാഹനങ്ങള്‍ക്കു ചുറ്റും നായ്ക്കള്‍ വട്ടമിടുന്നത് പതിവ് കാഴ്ചയാണ്. തിരുവമ്പാടി ബസ്സ്റ്റാന്‍ഡില്‍ രാത്രി തമ്പടിച്ചിരിക്കുന്ന തെരുവുനായകള്‍ സ്ഥിരം കഴ്ചയാണ്. രാവിലെയും രാത്രിയുമാണ് പട്ടികളുടെ ശല്യം രൂക്ഷമാകുന്നത്. മഴക്കാലമെത്തിയതോടെയാണ് പ്രശ്നം സങ്കീര്‍ണമായത്.
തിരുവമ്പാടി കുടുംബാരോഗ്യകേന്ദ്രത്തില്‍ പേവിഷ വാക്സിന് ലഭ്യമാക്കിയതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. തെരുവുനായകളുടെ ശല്യം ശാശ്വതമായി പരിഹരിക്കാനുള്ള നടപടികളെക്കുറിച്ച് ആലോചിക്കുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോണ്സണ് പറഞ്ഞു.
നായകളെ പിടികൂടി പേ വിഷബാധയ്ക്കുള്ള കുത്തിവയ്പ്പും വന്ധ്യംകരണവും ചെയ്തു തിരിച്ചയക്കുന്ന സംവിധാനമാണ് നില വിലുള്ളതെന്നും ആളുകളെ ഉപദ്രവിക്കുന്ന പ്രശ്നങ്ങള്‍ക്ക് ഉടനടി പരിഹാരം കാണാന്‍ പറ്റാത്ത സാഹചര്യമാണെന്നും പ്രസിഡന്റ് പറഞ്ഞു.