താമരശേരി: വർഷങ്ങൾ പഴക്കമുള്ള പഴയ പൂനൂർ പാലത്തിലെ യാത്രക്ലേശം ഇന്നില്ല. പുതിയ പാലം യഥാർഥ്യമായതോടെ പൂനൂർ അങ്ങാടിയിലെ ഗതാഗതകുരുക്കും ഇല്ലാതായി. ബാലുശേരി -കൊടുവള്ളി നിയോജക മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിച്ചു കൊണ്ട് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. 2016-17 ബജറ്റിലാണ് പാലത്തിന് തുക അനുവദിക്കുകയും കിഫ്ബി വഴി നടപ്പാക്കാൻ തീരുമാനിക്കുകയും ചെയ്തത്. 4.80 കോടി രൂപ ഉപയോഗിച്ചാണ് നിർമാണം പൂർത്തിയാക്കിയത്.
പാലത്തിന് 28.75 മീറ്റർ നീളത്തിലുള്ള രണ്ട് സ്പാനുകളോടെ 57.5 മീറ്റർ നീളവും ഒരു വശത്തായി 1.50 മീറ്റർ വീതിയിൽ നടപ്പാത ഉൾപ്പടെ 9.5 മീറ്റർ വീതിയുമാണുള്ളത്. പാലത്തിനോട് ചേർന്ന് താമരശേരി ഭാഗത്ത് 170 മീറ്റർ നീളത്തിലും കൊയിലാണ്ടി ഭാഗത്ത് 210 മീറ്റർ നീളത്തിലും സമീപന റോഡുകളുടെയും സർവീസ് റോഡുകളുടെയും നിർമാണം പ്രവൃത്തിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ചിട്ടുണ്ട്. 2017ലാണ് അങ്ങാടി വികസനത്തിനും പാലം നിർമാണത്തിനുമായി കിഫ്ബിയിൽ ഉൾപ്പെടുത്തി 10 കോടി രൂപ വകയിരുത്തിയത്. സംസ്ഥാനപാത വികസനത്തിന്റ ഭാഗമായി അങ്ങാടിയും പഴയപാലവും നവീകരിച്ചിരുന്നു.