നൂറു ശതമാനം പട്ടയം; അഭിമാന നേട്ടവുമായി കൊടിയത്തൂർ
1301535
Saturday, June 10, 2023 12:36 AM IST
മുക്കം: സ്വന്തമായുള്ള ഭൂമിക്ക് പട്ടയം ലഭിക്കാതെ ദുരിതമനുഭവിച്ച കുടുംബങ്ങൾക്ക് പട്ടയം ലഭ്യമാക്കാൻ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ ശ്രമം ഫലം കണ്ടു. നൂറ് ശതമാനം പട്ടയം എന്ന നേട്ടമാണ് കൊടിയത്തൂർ കരസ്ഥമാക്കിയത്.
ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലുള്ളതും പാവപ്പെട്ടവർക്ക് വിട്ടു നൽകിയതുമായ ഭൂമിയിൽ താമസിക്കുന്ന മുഴുവനാളുകൾക്കുമാണ് പട്ടയം ലഭിച്ചത്. അവസാനമായി ചേലാംകുന്ന് കോളനിയിലെ 20 പേർക്കും മുതപ്പറമ്പ് കോളനിയിലെ 13 പേർക്കും പട്ടയം അനുവദിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് അറിയിച്ചു.
ജൂൺ 12ന് കോഴിക്കോട് മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മെമ്മോറിയൽ ജൂബിലി ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ. രാജൻ വിതരണം നിർവഹിക്കും.ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഉദ്യോഗസ്ഥർ, താലൂക്ക്, വില്ലേജ് അധികൃതർ എന്നിവരുടെ സഹായം ലഭ്യമാക്കി ഭൂമിയുടെ സര്‍വേ നടത്തി ആവശ്യമായ ഒന്പതുരേഖകളും തയാറാക്കി വില്ലേജിന് സമര്‍പ്പിച്ചതാണ് നടപടിക്രമങ്ങള്‍ എളുപ്പമാക്കിയത്.
സർവേ നടപടികൾക്ക് വാർഡ് മെമ്പർമാരായ ബാബു പൊലുകുന്ന്, രതീഷ് കളക്കുടിക്കുന്ന്, ഷിഹാബ് മാട്ടു മുറി തുടങ്ങിയവർ നേതൃത്വം നൽകി.
ഇതോടെ ഗ്രാമപ്പഞ്ചായത്തിലെ വിവിധകോളനി നിവാസികളുടെ പട്ടയത്തിനായുള്ള നാല് പതിറ്റാണ്ടിന്റെ കാത്തിരിപ്പിനാണ് അറുതിയായത്.
ഒന്നാം ഘട്ടത്തിൽ ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ നടത്തിയ സർവേയുടെ ഭാഗമായി പഞ്ചായത്ത് പരിധിയിൽ 76 പേർക്ക് പട്ടയം ലഭിച്ചിരുന്നു. 2022 ഏപ്രില്‍ മാസത്തില്‍ താലൂക്ക് അധികൃതര്‍ 88 പേര്‍ക്ക് പട്ടയം അനുവദിച്ചിട്ടുള്ളതില്‍ 76- ഉം ലഭിച്ചത് കൊടിയത്തൂര്‍ പഞ്ചായത്ത് നിവാസകള്ക്കാണ്.