ബസ് കാത്തുനില്‍ക്കുന്നവര്‍ക്ക് ഇരിക്കാന്‍ ഇടമില്ല; മെഡിക്കല്‍ കോളജില്‍ ദുരിതം
1300475
Tuesday, June 6, 2023 12:28 AM IST
സ്വന്തം ലേഖകന്‍
കോഴിക്കോട്: നൂറുകണക്കിന് രോഗികളും കൂട്ടിരിപ്പുകാരും എത്തുന്ന കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ബസ് കാത്തുനില്‍ക്കുന്നവര്‍ക്ക് ഇരിപ്പിട സൗകര്യമോ ബസ് ഷെല്‍ട്ടറോ ഇല്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു.വേനലില്‍ വെയിലും മഴക്കാലത്ത് കനത്ത മഴയും കൊണ്ട് ബസ് കാത്തിരിക്കേണ്ട ഗതികേടിലാണ് നാട്ടുകാര്‍.
കോര്പറേഷന് അധികൃതരേ സര്‍ക്കാറോ ജനപ്രതിനിധികളോ ഇക്കാര്യത്തില്‍ താത്പര്യം കാണിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. വാഹനങ്ങളുടെ തിരക്കും അപകടങ്ങളും വര്‍ധിച്ചതോടെ ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവിടെ ട്രാഫിക് പരിഷ്കാരങ്ങള്‍ നടപ്പാക്കിയത്. ഇതിന്റെ ഭാഗമായി റോഡരികിലും ഫുഡ്പാത്തിലുമുള്ള കച്ചവടക്കാരെയും ലോട്ടറിക്കാരെയുമെല്ലാം മറ്റൊരു ഭാഗത്തേക്ക് മാറ്റി. എന്നിട്ടും ബസ് യാത്രികര്‍ക്കുള്ള സൗകര്യം മെച്ചപ്പെട്ടില്ല.
ബഹുഭൂരിപക്ഷവും ബസുകളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ മതിയായ സൗകര്യമില്ലാതെ വലയുകയാണ് യാത്രക്കാര്‍.നിലമ്പൂര്‍, മാവൂര്‍, അരീക്കോട്, എടവണ്ണപ്പാറ,കുറ്റിക്കടവ്,പെരുമണ്ണ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ബസുകള്‍ നിര്‍ത്തുന്ന സ്ഥലത്ത് ബസ് സ്റ്റോപ്പോ ഇരിപ്പിടമോ ഇല്ല.
ചിലപ്പോള്‍ ബസുകള്‍ക്കായി മണിക്കൂറുകള്‍ കാത്ത് നില്‍ക്കേണ്ടി വരും. എന്നാല്‍ സമീപത്ത് തണലിനായി ഒരു മരം പോലുമില്ലാത്ത സ്ഥിതിയാണ്.ബസുകളുടെ സമയ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനായി സ്ഥാപിച്ച കുടയ്ക്ക് ചുവട്ടിലാണ് ബസ് കയറാനെത്തുന്നവരില്‍ പലരും വിശ്രമിക്കുന്നത്. ചൂട് താങ്ങാന്‍ കഴിയാതായതോടെയാണ് ബസുടമകളുടെ നേതൃത്വത്തിലാണ് റോഡരികിലായി കുട സ്ഥാപിച്ചത്. ഈ കുടയാണിപ്പോള് യാത്രക്കാരുടെ ഏക ആശ്രയം. പല ദിവസങ്ങളിലും കടുത്ത വെയിലില്‍ വൃദ്ധരും ചെറുപ്പക്കാരും ഉള്‍പ്പെടെ ഇവിടെ കുഴഞ്ഞ് വീഴാറുണ്ട്.
മുക്കം, കുന്ദമംഗലം, താമരശേരി, കൊടുവള്ളി, നരിക്കുനി തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകുന്ന ബസുകള്‍ മെഡിക്കല്‍കോളജ് പോലീസ് സ്റ്റേഷന് മുന്നിലാണ് നിര്‍ത്തുന്നത്. ഇവിടെയും സ്ഥിതി വ്യത്യസ്ഥമല്ല. പേരിനൊരു ബസ് സ്റ്റോപ്പ് ഉണ്ടെങ്കിലും സൗകര്യം പരിമിതമാണ്. കൂടിപ്പോയാല്‍ നാല് പേര്‍ക്ക് മാത്രമേ ഇരിക്കാന്‍ കഴിയൂ. ബാക്കിയുള്ളവര്‍ നില്‍ക്കണം. നില്ക്കാന് കഴിയാത്തവരാണെങ്കില്‍ ഫുട്പാത്തില്‍ ഇരിക്കേണ്ടി വരും. സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലേത്തുന്നവരടക്കം ഇതു മൂലം ബുദ്ധിമുട്ടുകയാണ്. ഇവിടെയൊരു മരമുള്ളതാണ് ഏക ആശ്വാസം. മെഡിക്കല്‍ കോളജിലേക്ക് സര്‍വീസ് നടത്തുന്ന സിറ്റി ബസുകള്‍ നിര്‍ത്തിയിടുന്നതിനുള്ള സൗകര്യം ഇവിടെയില്ല. കാലങ്ങളായി മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാണ്. നാലു ഭാഗങ്ങളില്‍ നിന്നുള്ള റോഡുകള്‍ കൂട്ടിമുട്ടുന്ന സ്ഥലം കൂടിയാണ് ആശുപത്രിക്കു മുന്‍വശം. രോഗികളുമായി എത്തുന്ന ആംബുലന്‍സുകള്‍ ഈ ഗതാഗതക്കുരുക്കില്‍ അകപ്പെടുന്നത് സ്ഥിരം കാഴ്ചയായിരുന്നു. ഇത് പരിഹരിക്കാന്‍ നിരവധി പദ്ധതികള്‍ ഇവിടെ നടപ്പാക്കിയെങ്കിലും ഒന്നും ഫലം കണ്ടിട്ടില്ല. പുതിയ പരിഷ്ക്കാരത്തോടെ ഇതിന് മാറ്റം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.