ഭിന്നശേഷി സ്കോളര്‍ഷിപ്പ് വിഹിതം വാങ്ങാതെ ഗ്രാമപഞ്ചായത്തുകള്‍
1493828
Thursday, January 9, 2025 5:22 AM IST
എടക്കര: ഭിന്നശേഷി സ്കോളര്‍ഷിപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ വിഹിതം വാങ്ങി നല്‍കാതെ ഗ്രാമ പഞ്ചായത്തുകള്‍. ചുങ്കത്തറ, ചാലിയാര്‍ എന്നീ ഗ്രാമപഞ്ചായത്തുകളാണ് ഭിന്നശേഷി കുട്ടികള്‍ക്ക് വിതരണം ചെയ്യേണ്ട ബ്ലോക്ക് പഞ്ചായത്തിന്റെ വിഹിതം വാങ്ങി സ്കോളര്‍ഷിപ്പ് വിതരണം ചെയ്യാത്തത്. നാല്പ്പത്തിനാല് ലക്ഷത്തി നാല്‍പ്പതിനായിരം രൂപയാണ് നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കുട്ടികളുടെ സ്കോളര്‍ഷിപ്പിനായി അനുവദിച്ചത്.
ഗ്രാമപഞ്ചായത്തുകള്‍ അറുപത് ശതമാനവും ബ്ലോക്ക് പഞ്ചായത്ത് മുപ്പത് ശതമാനവും ജില്ലാ പഞ്ചായത്ത് പത്ത് ശതമാനവുമാണ് ഭിന്നശേഷി സ്കോളര്‍ഷിപ്പിനായി ഫണ്ട് അനുവദിക്കേണ്ടത്. എന്നാല്‍ ചുങ്കത്തറ, ചാലിയാര്‍ ഗ്രാമപഞ്ചായത്തുകള്‍ ഭിന്നശേഷി കുട്ടികളുടെ സ്കോളര്ഷിപ്പിനാവശ്യമായ റിക്വസ്റ്റ്, ബ്ലോക്ക് പഞ്ചായത്തിന് ഇതുവരെ കൈമാറിയിട്ടില്ല.
നിരന്തരം ബോര്‍ഡ് മീറ്റിംഗിലും ഇ മെയില്‍ മുഖാന്തിരവും ഗ്രാമപഞ്ചായത്ത് അധികൃതരോട് ആവിശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല. ഭിന്നശേഷിക്കനുസരിച്ച് ഒരു കുട്ടിക്ക് ഇരുപത്തിയെട്ടായിരം രൂപ വരെ നല്‍കാവുന്നതാണ്. അനുവദിച്ച തുക വിനിയോഗിച്ച് കഴിഞ്ഞ് മാത്രമേ അടുത്ത വിഹിതം ലഭിക്കുകയുള്ളൂ. ഇക്കാരണത്താല്‍ ഈ രണ്ട് ഗ്രാമപഞ്ചായത്തുകളിലും ഭിന്നശേഷി സ്കോളര്‍ഷിപ്പ് വിതരണം നടത്താന്‍ കഴിഞ്ഞിട്ടില്ല.