നിലമ്പൂര്‍ പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവല്‍: കാര്‍ണിവലിന് തുടക്കമായി
1493822
Thursday, January 9, 2025 5:17 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ പാട്ടുത്സവത്തോടനുബന്ധിച്ച് ടാക്സി തൊഴിലാളികളുടെ നേതൃത്വത്തില്‍ നടത്തുന്ന കാര്‍ണിവലിന് തുടക്കമായി. നഗരസഭ ഉപാധ്യക്ഷ അരുമ ജയകൃഷ്ണന് ഉദ്ഘാടനം ചെയ്തു. കൂടുതല്‍ സൗകര്യങ്ങളോടെയും ഏറെ ഇനങ്ങള്‍ ഉള്‍പ്പെടുത്തിയുമാണ് കോടതിപ്പടിയിലെ കാര്‍ണവല്‍ ഒരുക്കിയിട്ടുള്ളത്. 26 വരെ വൈകുന്നേരം നാല് മുതല്‍ രാത്രി 10 വരെ കാര്‍ണിവല്‍ പ്രവര്‍ത്തിക്കും.
വിവിധ സ്റ്റാളുകളും ഫുഡ് കോര്‍ട്ടുകളും കാര്‍ണിവലില്‍ ഉണ്ടായിരിക്കും. ട്രാഫിക് നിയന്ത്രണങ്ങളുള്ളതിനാല്‍ തിരക്കില്ലാതെ ആളുകള്‍ക്ക് സൗകര്യപ്രദമായി വന്നുപോകുന്നതിന് തടസമുണ്ടാകില്ല. പോലീസ്, ട്രോമാ കെയര്‍ എന്നിവര്‍ സുരക്ഷയുമായി ബന്ധപ്പെട്ട് കാര്‍ണിവലില്‍ സേവനത്തിനുണ്ടാകും.
25 വര്‍ഷത്തോളമായി നിലമ്പൂര്‍ പാട്ടുമായി ബന്ധപ്പെട്ട് കാര്‍ണിവല്‍ അവതരിപ്പിച്ചുവരികയാണ് ടാക്സി തൊഴിലാളികള്‍ ഉള്‍പ്പെടുന്ന കമ്മിറ്റി. മരണക്കിണര്‍, യന്ത്ര ഊഞ്ഞാല്, തുടങ്ങി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള 13 ഇനം റൈഡുകള്‍ ഒരുക്കിയിട്ടുണ്ട്. 30 സ്റ്റാളുകളുമുണ്ട്. ഡല്‍ഹിയില്‍നിന്നുള്ള ഗോള്‍ഡന്‍ അമ്യൂസ്മെന്റ് കലാകാരന്മാരാണ് പങ്കെടുക്കുന്നത്.
കാര്‍ണിവലില്‍നിന്ന് ലഭിക്കുന്ന ലാഭവിഹിതം പ്രദേശത്തെ നിര്‍ധനരായ രോഗികളുടെ ചികിത്സക്കായാണ് ഉപയോഗിക്കുക. കാര്‍ണിവല്‍ കമ്മിറ്റി ഭാരവാഹികളായ പി.പി. നജീബ്, പി. സക്കീര്‍, അലി പാത്തിപാറ, ഉസ്മാന് പാണക്കാടന്, വി. വിജയന്, കെ.പി. നസീര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.