കവളപ്പാറ ഉരുള്‍പൊട്ടള്‍: കൃഷിഭൂമി നഷ്ടപ്പെട്ടവര്‍ യോഗം ചേര്‍ന്നു
1493827
Thursday, January 9, 2025 5:22 AM IST
എടക്കര: കവളപ്പാറ ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് കൃഷിഭൂമി നഷ്ടപ്പെട്ടവരുടെ യോഗം പോത്തുകല്ലില്‍ ചേര്‍ന്നു. പത്തിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചുചേര്‍ത്ത ഭൂമി നഷ്ടപ്പെട്ടവരുമായുള്ള ഉന്നതാധികാര സമിതിയുടെ ചര്‍ച്ചക്ക് മുന്നോടിയായാണ് പോത്തുകല്ലില്‍ വാര്‍ഡംഗത്തിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്.
ഉരുള്‍പൊട്ടലില്‍ തങ്ങള്‍ക്ക് നഷ്ടപ്പെട്ട കൃഷിഭൂമി കൃഷിയോഗ്യമാക്കിത്തീര്ക്കണമെന്ന് ആവശ്യപ്പെട്ട് ഒമ്പത് കര്‍ഷകര്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍തലത്തില്‍ ഉന്നതാധികാര സമിതി രൂപീകരിച്ച് 2019 ലെ പ്രളയത്തില്‍ കൃഷിഭൂമി നഷ്ടപ്പെട്ട വ്യക്തികളെ നേരില്‍ കേള്‍ക്കുന്നതിന് ഹൈക്കോടതി വിധിയായിട്ടുണ്ട്.
കോടതി നിര്‍ദേശപ്രകാരം ഈ മാസം പത്തിന് വൈകിട്ട് നാലിനാണ് വീഡിയോ കോണ്‍ഫറന്‍സ് മുഖേന റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയര്‍പേഴ്സണായിട്ടുള്ള ഉന്നതാധികാര സമിതി കര്‍ഷകരുടെ ആവശ്യങ്ങള്‍ കേള്‍ക്കുക. ദിലീപ്, താന്നിക്കുന്നത്ത് ബാലന്, കെ നാരയണന്, വിജയന്, വടക്കേപ്പുറം ഉസ്മാന് എന്നിവര്‍ പ്രസംഗിച്ചു.