നിലമ്പൂരില്‍ കടകളില്‍ പഴകിയ ഭക്ഷണം പിടികൂടി
1493819
Thursday, January 9, 2025 5:17 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ നഗരസഭയിലെ ഹോട്ടലുകളില്‍ ഉള്‍പ്പെടെ പരിശോധന ശക്തമാക്കി നഗരസഭ ആരോഗ്യ വിഭാഗം. ബുധനാഴ്ച പുലര്‍ച്ചെ നടത്തിയ പരിശോധനയില്‍ മൂന്ന് ഹോട്ടലുകളില്‍നിന്ന് പഴകിയ ബിരിയാണി, ബീഫ്, ചിക്കന്‍ ഉള്‍പ്പെടെയുള്ള ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു.
മാലിന്യമുക്തം നവകേരളം വലിച്ചെറിയല്‍ മുക്തവാരാചരണത്തിന്റെ ഭാഗമായാണ് പരിശോധന. നിലമ്പൂര്‍ പാട്ടുത്സവത്തിന്റെ ഭാഗമായി കൂടുതല്‍ ജനങ്ങള്‍ എത്താനുള്ള സാധ്യത പരിഗണിച്ചാണ് ആരോഗ്യ വിഭാഗം പരിശോധന ഊര്‍ജിതമാക്കിയിരിക്കുന്നത്.
ബുധനാഴ്ച പുലര്‍ച്ചെ 19 കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയിലാണ് നിലമ്പൂര്‍ ജില്ലാ ആശുപത്രി റോഡിലെ ടേസ്റ്റി ഹോട്ടല്‍, നല്ലംതണ്ണി മാസാ ഹോട്ടല്‍, ബ്രദേഴ്സ് ഹോട്ടല്‍ എന്നിവിടങ്ങളില്‍നിന്ന് പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തത്. കഴിഞ്ഞ നാലിനാണ് പരിശോധന തുടങ്ങിയത്.
ഇതുവരെ 59 കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയതായി നഗരസഭ ആരോഗ്യ വിഭാഗം സൂപ്പര്‍വൈസര്‍ എ.സി. രാജീവന് പറഞ്ഞു. പഴകിയ ഭക്ഷണം കണ്ടെടുത്ത ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇവരില്‍നിന്ന് പിഴ ഈടാക്കും. പഴകിയ ഭക്ഷണങ്ങള്‍ വില്ക്കാന് ഒരു ഹോട്ടലിനെയും അനുവദിക്കില്ലെന്നും പരിശോധന തുടരുമെന്നും അദ്ദേഹം പറഞ്ഞു.
സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി. സുനില്മാര്, പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ഡിന്റോ, രതീഷ്, ഡ്രൈവര്‍ വിജേഷ് എന്നിവര്‍ പങ്കെടുത്തു. ഏതാനും നാളുകള്‍ക്ക് മുമ്പ് നിലമ്പൂരിലെ ഹോട്ടലില്‍നിന്ന് ഭക്ഷണത്തില്‍ ചത്ത പല്ലി, ചത്ത പാറ്റ എന്നിവ കണ്ടെടുത്തിരുന്നു. ഹോട്ടല്‍ ഭക്ഷണങ്ങളെ ആശ്രയിക്കുന്നവരെ ഇത് ആശങ്കയിലാഴ്ത്തുന്നതാണ്.
ഈ സാഹചര്യത്തില്‍ നിലമ്പൂര്‍ നഗരസഭ കാര്യമായ ഇടപെടലുകള്‍ നടത്തുന്നതിന്റെ ഭാഗമായാണ് പരിശോധന കര്‍ശനമാക്കുന്നത്. ജനങ്ങള്‍ പണം കൊടുത്ത് വാങ്ങുന്ന ഭക്ഷണം സുരക്ഷിതമായിരിക്കണം എന്ന ഉറച്ച നിലപാടാണ് നഗരസഭയുടെതെന്നും ഇക്കാര്യത്തില്‍ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്ന് ആരോഗ്യസ്ഥിരംസമിതി അധ്യക്ഷന്‍ കക്കാടന്‍ റഹീമും പറഞ്ഞു.