സുനാമിയെ നേരിടാന്‍ വെളിയങ്കോട്ട് മോക് ഡ്രില്‍ സംഘടിപ്പിച്ചു
1493814
Thursday, January 9, 2025 5:17 AM IST
മലപ്പുറം: തീരദേശത്തെ ജനങ്ങളെ സുനാമിയെ നേരിടാന്‍ പ്രാപ്തമാക്കുന്നതിന്റെ ഭാഗമായി ഐക്യ രാഷ്ട്രസഭയുടെ സഹകരണത്തോടെ സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി വെളിയങ്കോട് പഞ്ചായത്തില്‍ സുനാമി മോക്ക്ഡ്രില്‍ സംഘടിപ്പിച്ചു. 17 ാം വാര്‍ഡിലെ പത്തുമുറി ബീച്ചിലാണ് മോക്ക് ഡ്രില്‍ നടന്നത്.
ദുരന്തനിവാരണ വകുപ്പ്, പോലീസ്, ഫയര്‍ ഫോഴ്സ്, ആരോഗ്യം, ഫിഷറീസ്, കോസ്റ്റ് ഗാര്‍ഡ്, പഞ്ചായത്ത് തുടങ്ങിയ വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ച് താലൂക്ക് തല ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് പ്രതിനിധികള്‍, ആശാവര്‍ക്കര്‍മാര്‍, പൊതുജനങ്ങള്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് മോക്ക് ഡ്രില്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്.
രാവിലെ ഒമ്പത് മണിയോടെ വിവിധ വകുപ്പുകളുടെ ജീവനക്കാരും വാഹനങ്ങളും ഫിഷറീസ് റോഡിനു സമീപം അണിനിരന്നു. ഇന്ത്യാനേഷ്യയിലെ വടക്കന്‍ സുമാത്രയില്‍ റിക്ടര്‍ സ്കെയിലില്‍ 9.3 തീവ്രതയുള്ള ഭൂകമ്പമുണ്ടായി എന്ന ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രത്തിന്റെ അറിയിപ്പ് രാവിലെ 9.45ന് വന്നതോടെ തീരദേശ ജില്ലകളില്‍ ജാഗ്രത പ്രഖ്യാപിച്ചു കൊണ്ടുള്ള ദുരന്തനിവാരണ അഥോറിറ്റിയുടെ മുന്നറിയിപ്പ് വന്നു. ഇതോടെ ജനങ്ങള്‍ക്കുള്ള മുന്നറിയിപ്പ് അനൗണ്‍സ്മെന്റുകള്‍ വന്നുതുടങ്ങി. 10.45 ഓടെ സുനാമിത്തിരകള്‍ പൊന്നാനിയിലെത്തുമെന്ന സന്ദേശം വന്നു.
സമയോചിതമായി ഇടപെട്ട പോലീസ്, ഫയര്‍ ഫോഴ്സ്, തീരദേശ സേന, സിവില്‍ ഡിഫന്‍സ് ഓഫീസര്‍മാര്‍ എന്നിവര്‍ തീരദേശത്തുള്ള 75 കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു. മോട്ടോര്‍ വാഹന വകുപ്പ് രക്ഷാപ്രവര്‍ത്തനത്തിനായി മാര്‍ഗതടസങ്ങള്‍ ഒഴിവാക്കി. പോലീസ് ഹാച്ചറി റോഡ് പരിസരത്തെ കടകള്‍ അടിപ്പിച്ചു.
വീടുകളില്‍ കുടുങ്ങിക്കിടന്ന കിടപ്പുരോഗികള്‍, ഭിന്നശേഷിക്കാര്‍, ഗര്‍ഭിണികള്‍ എന്നിവരെ ദുരിതാശ്വാസ ക്യാമ്പായി സജ്ജീകരിച്ച അല്‍ത്തമാം ഓഡിറ്റോറിയത്തില്‍ എത്തിച്ചു. വൈദ്യസഹായം ആവശ്യമുള്ള 30 പേര്‍ക്ക് ചികിത്സ നല്കി. കടലില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികളെയും ഫയര്‍ ഫോഴ്സ് ബേസ് ക്യാമ്പായ വെളിയങ്കോട് ഇസ്ലാമിക് സെന്ററില്‍ എത്തിച്ചു.
15ാം വാര്‍ഡില്‍ ഉള്‍പ്പെട്ട ചിന്നന് കോളനിയിലും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുവെന്ന സന്ദേശത്തെ തുടര്‍ന്ന് സിവില്‍ ഡിഫന്‍സും ഫയര്‍ ഫോഴ്സും തെരച്ചില്‍ നടത്തി. 11.15 ന് ജഗ്രതാ നിര്‍ദേശം പിന്‍വലിച്ചതോടെ മോക്ക് ഡ്രില്‍ അവസാനിച്ചതായി ദുരന്ത നിവാരണ അഥോറിറ്റി പ്രഖ്യാപിച്ചു.
കേരളത്തിലെ ഒമ്പത് തീരദേശ ജില്ലകളിലായി തെരഞ്ഞെടുക്കപ്പെട്ട ഒമ്പതു ഗ്രാമപഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ശക്തമായ തീരശോഷണം നേരിടുന്നതിനാലാണ് വെളിയങ്കോട് തീരമേഖലയെ ജില്ലയില്‍ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്തിരിക്കുന്നത്.
തീരദേശത്തെ സുനാമിയെ പ്രതിരോധിക്കാന്‍ സജ്ജമാക്കുന്നതിന്റെ ഭാഗമായി ഐക്യരാഷ്ട്രസഭയുടെ 12 സൂചകങ്ങള്‍ കടന്നാല്‍ വെളിയങ്കോട് തീരദേശത്തെ "സുനാമി റെഡി’ സാക്ഷ്യപത്രത്തിനായി പരിഗണിക്കും. പദ്ധതിയുടെ ആദ്യഘട്ടം സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നടത്തിയിരുന്നു.
മോക് ഡ്രില്ലിനുശേഷം ചേര്‍ന്ന അവലോകനയോഗത്തില്‍ ദുരന്ത നിവാരണ വകുപ്പ് ഡെപ്യൂട്ടി കളക്ടര്‍ എസ്.എസ്. സരിന്, പൊന്നാനി തഹസില്‍ദാര്‍ പ്രമോദ് പി. ലാസര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ എ.കെ. പ്രവീണ്‍, താനൂര്‍, തിരൂര്‍, പൊന്നാനി ഫയര്‍ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥര്‍, ആരോഗ്യം,
കോസ്റ്റ് ഗാര്‍ഡ്, സിവില്‍ ഡിഫന്‍സ്, ഫിഷറീസ് തുടങ്ങിയ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, വെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷംസു കല്ലാട്ടേല്‍, വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപുറത്ത്, ആശാ വര്‍ക്കര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. തിരൂര്‍ സബ് കളക്ടര്‍ ദിലീപ് കെ. കൈനിക്കര സ്ഥലത്തെത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.