മഞ്ചേരി ജനറല്‍ ആശുപത്രി മാറ്റുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് മന്ത്രി
1493823
Thursday, January 9, 2025 5:17 AM IST
മഞ്ചേരി: ജനറല്‍ ആശുപത്രി മഞ്ചേരിയില്‍ നിന്ന് മാറ്റുന്ന കാര്യം സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്നും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിഷയവുമായി ബന്ധപ്പെട്ട് അഡ്വ. യു.എ. ലത്തീഫ് എംഎല്‍എ, ചെയര്‍പേഴ്സണ്‍ വി.എം. സുബൈദ എന്നിവരുടെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാരും മുനിസിപ്പല്‍ ലീഗ് ഭാരവാഹികളും മന്ത്രിയെ കണ്ടപ്പോഴാണ് ഇക്കാര്യം പറഞ്ഞത്.
മഞ്ചേരി മെഡിക്കല്‍ കോളജിലുള്ള ഡിഎച്ച്എസിനു കീഴിലുള്ള ഡോക്ടര്‍മാരെയും ജീവനക്കാരെയും സ്ഥലം മാറ്റിയത് ഭരണസൗകര്യത്തിന് വേണ്ടിയാണ്. ഡിസംബര്‍ 31ന് മലപ്പുറം ഡിഎംഒ നഗരസഭക്ക് നല്കിയ കത്ത് സര്‍ക്കാരിന്റെ അറിവോടെയല്ലെന്നും ജനറല്‍ ആശുപത്രിയുമായി ബന്ധപ്പെട്ട് നിലവിലുണ്ടായ വിവാദങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അത് തെറ്റായ പ്രചാരണത്തിന്റെ ഭാഗമാണ്. ഇക്കാര്യം പലതവണ എംഎല്‍എ നിയമസഭയിലും അല്ലാതെയും അറിയിച്ചതാണ്. അതിന് കൃത്യമായ മറുപടിയും നല്‍കിയിട്ടുണ്ട്. ഇപ്പോഴുള്ള പ്രചാരണത്തില്‍ സര്‍ക്കാരിന് പങ്കില്ല. ജനറല്‍ ആശുപത്രി മഞ്ചേരിയില്‍നിന്ന് മാറ്റുന്നതിനുള്ള ഒരു ആലോചനയുമില്ലെന്നും മന്ത്രി ആവര്‍ത്തിച്ചു.