മേലാറ്റൂര്‍ പഞ്ചായത്തിലെ സ്ഥാപനങ്ങള്‍ ബുദ്ധിപരിമിതി സൗഹൃദമാക്കണം: പരിവാര്‍ കമ്മിറ്റി
1467049
Thursday, November 7, 2024 12:58 AM IST
മേലാറ്റൂര്‍: മേലാറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ ഓഫീസുകളും അനുബന്ധ സേവനകേന്ദ്രങ്ങളും ബുദ്ധിപരിമിതി സൗഹൃദമാക്കണമെന്ന് പഞ്ചായത്തിലെ ഭിന്നശേഷിക്കാരുടെ രക്ഷിതാക്കളുടെ കൂട്ടായ്മയായ പരിവാര്‍ കമ്മിറ്റി ആവശ്യപ്പെട്ടു. പരിവാര്‍ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന ബുദ്ധി പരിമിതി സൗഹൃദ മലപ്പുറം’ കാമ്പയിന്റെ ഭാഗമായി മേലാറ്റൂര്‍ ദേശീയ ഗ്രന്ഥലായത്തില് സംഘടിപ്പിച്ച ഭിന്നശേഷി അദാലത്ത് മീറ്റിലാണ് രക്ഷിതാക്കള്‍ ആവശ്യമുന്നയിച്ചത്.
ബുദ്ധിപരിമിതിയുള്ളവര്‍, സെറിബ്രള്‍ പാള്‍സി, ഓട്ടിസം ബാധിച്ചവര്‍ മറ്റു ഭിന്നശേഷിക്കാര്‍ എന്നിവര്ക്കാവശ്യമായ ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റ്, പെന്ഷന്, സ്കോളര്‍ഷിപ്പുകള്‍, ലീഗല്‍ ഗാര്‍ഡിയന്‍ഷിപ് സര്‍ട്ടിഫിക്കറ്റ്, നിരാമായ ഇന്‍ഷ്വറന്‍സ് സ്കീം, ആശ്വാസകിരണം, ബസ് ട്രെയിന്‍ യാത്രാപാസുകള്‍ തുടങ്ങി നിരവധി ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷാ ഫോമുകള്‍ അദാലത്തില്‍ പൂരിപ്പിച്ചു നല്കി.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ ലളിതമായി നടന്ന അദാലത്ത് മീറ്റില്‍ പരിവാര്‍ പഞ്ചായത്ത് പ്രസിഡന്റ് സി. മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. മേലാറ്റൂര്‍ വില്ലേജ് ഓഫീസര്‍ വി. രാമനാഥന് ക്ലാസെടുത്തു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അരിക്കുഴിയില്‍ യൂസുഫ് ഹാജി, പരിവാര്‍ കമ്മിറ്റി ഭാരവാഹികളായ എം.ടി. മുഹമ്മദലി, പി.മനീഷ, പി.റൈഹാനത്ത്, കെ. ധന്യ, പരിവാര്‍ സെക്രട്ടറി കെ.വി. അബ്ദുനൂര്‍, ജോയിന്റ് സെക്രട്ടറി കെ.റിഷാന എന്നിവര്‍ പ്രസംഗിച്ചു.