ന്യായമായ വേതനമില്ല :അങ്കണവാടി വര്‍ക്കര്‍മാര്‍ അവഗണനയില്‍
1466090
Sunday, November 3, 2024 5:44 AM IST
നിലമ്പൂര്‍: ജോലിഭാരം അധികം. വേതനം കുറവ്. 40 വര്‍ഷം പിന്നിട്ടവരും ഇപ്പോഴും ഓണറേറിയത്തില്‍ തന്നെ. എല്ലാ മേഖലകളിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും സഹായവുമായി നില്ക്കുന്ന അങ്കണവാടി വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയമായി പ്രതിമാസം ലഭിക്കുന്നത് 13,000 രൂപ മാത്രം.
സംസ്ഥാനത്തെ 33,115 അങ്കണവാടികളിലെ വര്‍ക്കര്‍മാരാണ് അവഗണനയില്‍ കഴിയുന്നത്. വിശ്രമമില്ലാതെ ജോലി ചെയ്യുമ്പോഴും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ മാര്‍ഗമില്ലാതെ പെടാപ്പാടുപെടുകയാണ് ഇവര്‍. 30 ഉം 40 ഉം വര്‍ഷമായി ജോലി ചെയ്യുന്നവര്‍ക്ക് ഇപ്പോഴും ലഭിക്കുന്നത് ഓണറേറിയം മാത്രം.
തങ്ങളെ സര്‍ക്കാര്‍ അംഗീകരിച്ച് മാസശമ്പളം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. മാസം 25,000 രൂപയും അതിന് ആനുപാതികമായ പെന്‍ഷനും വേണമെന്ന് ഇവര്‍ പറയുന്നു. വര്‍ഷങ്ങള്‍ ജോലി ചെയ്ത് പെന്ഷന് വാങ്ങുന്നവര്‍ക്ക് ഇപ്പോള്‍ പെന്‍ഷനായി ലഭിക്കുന്നത് 2500 രൂപ മാത്രമാണ്.
ഇതും ഓണറേറിയത്തില്‍ നിന്ന് പിടിക്കുന്ന 500 രൂപ ഉപയോഗിച്ചുമാണ്. ആഴ്ചയില്‍ ആറു ദിവസം ജോലി ചെയ്യുന്ന ഇവര്‍ക്ക് തുച്ഛമായ ഓണറേറിയം മാത്രം ലഭിക്കുമ്പോള്‍ സര്‍ക്കാര്‍ അവധി ദിവസങ്ങളില്‍ പോലും ജോലി ചെയ്യേണ്ട അവസ്ഥയാണിവര്‍ക്ക്. ഏറ്റവും കൂടുതല്‍ ദിവസം ജോലി ചെയ്യുന്നവരും ഇവര്‍ തന്നെ. വര്‍ഷങ്ങളായി അങ്കണവാടി വര്‍ക്കര്‍മാരായി ജോലി ചെയ്യുന്ന ഇവര്‍ പറയുന്നത് കേട്ടാല്‍ മനസിലാകും ജീവിത പ്രശ്നങ്ങള്‍.
ജീവിതത്തിന്റെ നല്ലൊരു ഭാഗം അങ്കണവാടി വര്‍ക്കര്‍മാരായി ജോലി ചെയ്യുമ്പോഴും അവഗണന ഒട്ടും ചെറുതല്ല. സര്‍ക്കാരിന്റെ എല്ലാ പൊതുജന സര്‍വേകള്‍ക്കും ചുക്കാന്‍ പിടിക്കേണ്ടതും ഈ വിഭാഗം തന്നെ. കെ.കെ. ശൈലജ മന്ത്രിയായിരുന്നപ്പോള്‍ ഓണറേറിയം പ്രതിമാസം 17,000 രൂപയായി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇപ്പോഴും ലഭിക്കുന്നത് 13,000 രൂപ മാത്രം.
ശമ്പളക്കാരായി അങ്കണവാടി വര്‍ക്കര്‍മാരെ അംഗീകരിക്കാത്തതിനാല്‍ ഇവര്‍ എത്ര വര്‍ഷം ജോലി ചെയ്താലും സീനിയോറിറ്റി ലഭിക്കില്ല. 40 വര്‍ഷം മുമ്പ് ജോലിയില്‍ കയറിയവര്‍ക്കും പുതിയ നിയമനത്തിനും ഒരേ ഓണറേറിയം തന്നെ. കുട്ടികള്‍ക്ക് ഭക്ഷണം നല്കാന് ഒരു കുട്ടിക്ക് അഞ്ചു രൂപ വച്ചാണ് സര്‍ക്കാര്‍ നല്‍കുന്നത്.
എന്നാല്‍ ഭക്ഷ്യസാധനങ്ങളുടെയും പച്ചക്കറികളുടെയും വില കുതിച്ചുയരുന്നതിനാല്‍ തങ്ങള്‍ക്ക് ലഭിക്കുന്ന തുച്ഛമായ ഓണറേറിയത്തില്‍ നിന്ന് ഒരു വിഹിതം കൂടി നല്‍കേണ്ട അവസ്ഥയുമുണ്ട്. ഗ്യാസ്, വൈദ്യുതി ചാര്‍ജ് ഉള്‍പ്പെടെ നല്‍കേണ്ട അവസ്ഥയുമുണ്ടെന്നും ഈ വിഭാഗം പറയുന്നു.