ഗോത്രവര്‍ധന്‍ പരിപാടിക്ക് തുടക്കമായി
1466294
Monday, November 4, 2024 1:13 AM IST
മഞ്ചേരി: സംസ്ഥാന ലീഗല്‍ സര്‍വീസസ് അഥോറിറ്റിയുടെ നേതൃത്വത്തില്‍ പട്ടികവര്‍ഗ വിഭാഗത്തിന്റെ ഉന്നമനത്തിനായി ആരംഭിച്ചിട്ടുള്ള "ഗോത്രവര്‍ധന്‍’ പരിപാടിക്ക് ജില്ലയില്‍ തുടക്കമായി. ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയുടെ ഭാഗമായി പെരിന്തല്‍മണ്ണ താഴെക്കോട് "സായി സ്നേഹതീരം’ ട്രൈബല്‍ ഹോസ്റ്റലിലെ 60 കുട്ടികള്‍ക്ക് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് യാത്ര സംഘടിപ്പിച്ചു. യാത്ര മലപ്പുറം കമ്മ്യൂണിറ്റി ഹാളില്‍ നിന്ന് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കെ. സനില്‍കുമാര്‍ ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റിയും പെരിന്തല്‍മണ്ണ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയും പെരിന്തല്‍മണ്ണ ബാര്‍ അസോസിയേഷനും അല്‍ഷിഫ കോളജ് ഓഫ് ഫാര്‍മസിയും സംയുക്തമായാണ് യാത്ര സംഘടിപ്പിച്ചത്.
കുട്ടികള്‍ക്ക് വിമാനങ്ങള്‍ അടുത്തു കാണാനും കാബിന് ക്രൂവുമായി നേരിട്ട് സംവദിക്കാനും സൗകര്യമൊരുക്കി. എയര്‍പോര്‍ട്ട് ടെര്‍മിനല്‍ മാനേജര്‍ ദിലീപിന്റെ നേതൃത്വത്തില്‍ എയര്‍പോര്‍ട്ട് ജീവനക്കാര്‍ കുട്ടികളെ സ്വീകരിച്ചു. ഫ്ളാഗ് ഓഫ് ചടങ്ങില്‍ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാനും പോക്സോ സ്പെഷല്‍ കോടതി ജഡ്ജുയുമായ എസ്.സൂരജ്, പോക്സോ ഫാസ്റ്റ് ട്രാക്ക് കോടതി (രണ്ട്) ജഡ്ജ് എം.പി. ഷൈജല്‍, ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റി സെക്രട്ടറി സീനിയര്‍ ഡിവിഷന് സിവില്‍ ജഡ്ജ് എം. ഷാബിര്‍ ഇബ്രാഹിം, സായി സ്നേഹതീരം ഹോസ്റ്റല്‍ ഡയറക്ടര്‍ കെ.ആര്. രവി, പാരാലീഗല്‍ വോളണ്ടിയര്‍മാരായ കെ.എന്‍. നവാസ് അലി, അബൂബക്കര്‍, സുഭാഷ് പടിഞ്ഞാറ്റുംമുറി എന്നിവര്‍ പങ്കെടുത്തു.