ഉത്പാദന ലക്ഷ്യം നേടി ആഢ്യന്‍പാറ ജലവൈദ്യുത പദ്ധതി
1467044
Thursday, November 7, 2024 12:58 AM IST
നിലമ്പൂര്‍: പ്രതിവര്‍ഷ ഉത്പാദന ലക്ഷ്യമായ 90,10,000 യൂണിറ്റ് വൈദ്യുതി ഉത്പ്പാദിപ്പിച്ച് ആഢ്യന്‍പാറ ജലവൈദ്യുതി പദ്ധതിയില്‍ ഈ വര്‍ഷവും ഉത്പ്പാദന ലക്ഷ്യം നേടി. മലപ്പുറം ജില്ലയിലെ ഏക ചെറുകിട ജലവൈദ്യുത പദ്ധതിയാണ് ആഢ്യന്പാറയിലേത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് 9.01 ദശലക്ഷം യൂണിറ്റ് എന്ന ലക്ഷ്യം പൂര്‍ത്തീകരിച്ചത്. 2021, 2022, 2024 വര്‍ഷങ്ങളിലും ഈ നേട്ടം കൈവരിച്ചിരുന്നു.
എന്നാല്‍, കഴിഞ്ഞ വര്‍ഷം മഴയുടെ കുറവ് മൂലം 78 ലക്ഷം യൂണിറ്റ് മാത്രമാണ് വൈദ്യുതി ഉത്പാദിപ്പിക്കാനായത്. വിലകുറഞ്ഞ വൈദ്യുതി എന്ന ലക്ഷ്യത്തോടെ കെഎസ്ഇബി രൂപകല്‍പ്പന ചെയ്തതാണ് ആഢ്യന്‍പാറ ചെറുകിട ജലവൈദ്യുത പദ്ധതി. ജില്ലയിലെ പ്രഥമ ജലവൈദ്യുത പദ്ധതി എന്ന പ്രത്യേകതയും ആഢ്യന്പാറക്കുണ്ട്. ചാലിയാര്‍ പഞ്ചായത്തില്‍ കാഞ്ഞിരപ്പുഴയില്‍ ആഢ്യന്‍പാറ വെള്ളച്ചാട്ടത്തിന് സമീപമാണ് പദ്ധതി. മഴക്കാലത്തെ അധിക ജലം ഉപയോഗിച്ച് വര്‍ഷം 9.01 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദനമാണ് ലക്ഷ്യം.
ചെറുകിട ജലവൈദ്യുത പദ്ധതികള്‍ കാര്യക്ഷമവും ലാഭകരവുമാണെന്ന് തെളിയിക്കുന്നതാണ് മൂന്നര മെഗാവാട്ട് ശേഷി മാത്രമുള്ള ആഢ്യന്‍പാറ പദ്ധതിയുടെ ഈ നേട്ടം. 2019 ലെ മഹാപ്രളയത്തില്‍ ജനറേറ്റിംഗ് സ്റ്റേഷനിലേക്കു വെള്ളം വരുന്ന തുരങ്കമുഖവും മൂന്നു ജനറേറ്ററുകളും മണ്ണിനിടയില്പെട്ടിട്ടും കഠിനാധ്വാനം ചെയ്ത് മുന്‍കാല ജീവനക്കാരുള്‍പ്പെടെയുള്ളവര്‍ ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചതാണ് ഈ പവര്‍ സ്റ്റേഷനെ ജീവസുറ്റതാക്കിയത്.
ഈ വര്‍ഷത്തെ അനുകൂല കാലാവസ്ഥയും സാഹചര്യങ്ങള്‍ ഉപയോഗപ്പെടുത്താനുള്ള ആസൂത്രണവും സമയാസമയങ്ങളിലെ അറ്റകുറ്റപ്പണികളും വാര്‍ഷിക ഉത്പാദന ലക്ഷ്യം വേഗത്തില്‍ സാക്ഷാത്കരിക്കാന്‍ കഴിഞ്ഞതായി അധികൃതര്‍ പറഞ്ഞു.
നിലമ്പൂര്‍, പോത്തുകല്‍ സബ് സ്റ്റേഷനിലെ ജീവനക്കാരും അകമ്പാടം, പോത്തുകല്‍, ചുങ്കത്തറ, എടക്കര, വഴിക്കടവ് തുടങ്ങിയ സെക്ഷന്‍ ഓഫീസിലെ ജീവനക്കാരും പ്രത്യക്ഷമായും പരോക്ഷമായും 33 കെ.വി. ലൈനുകളില്‍ വരുന്ന തകരാറുകള്‍ പെട്ടെന്ന് പരിഹരിക്കുന്നതിനും ബദല്‍ സംവിധാനം ഒരുക്കുന്നതിനും സഹായിച്ചു. ചാലിയാറിന്റെ കൈവരി പുഴയായ കാഞ്ഞിരപ്പുഴയ്ക്കു കുറുകെ ഒരു ചെക്ക് ഡാം നിര്‍മിച്ച് ഒരു കിലോമീറ്റര്‍ തുരങ്കത്തിലൂടെ വെള്ളം കടത്തിവിട്ട് പെന്‍സ്റ്റോക്ക് പൈപ്പിലൂടെ പവര്‍ ഹൗസിലെത്തിക്കുന്നു.
വെള്ളച്ചാട്ടത്തിന് 1.25 കിലോമീറ്റര്‍ മുകളിലായി മായംപള്ളിയില് കോണ്‍ക്രീറ്റ് തടയണ നിര്‍മിച്ച് മല തുരന്നുണ്ടാക്കിയ 976 മീറ്റര്‍ ദൈര്‍ഘ്യമുള്ള ടണല്‍, ഭൂഗര്‍ഭജല സംഭരണി, പെന്‍സ്റ്റോക് പൈപ്പ് എന്നിവ വഴി പവര്‍ഹൗസില്‍ വെള്ളമെത്തിച്ചാണ് ഉത്പാദനം. പവര്‍ഹൗസില്‍ 1.5 മെഗാവാട്ടിന്റെ രണ്ടും 0.5 മെഗാവാട്ടിന്റെ ഒന്നും ശേഷിയുള്ള ടര്‍ബൈനുകളാണ് ഇവിടെയുള്ളത്.