ഏറനാട്-പൊന്നാനി പൈതൃക യാത്ര സംഘടിപ്പിച്ചു
1466295
Monday, November 4, 2024 1:13 AM IST
മഞ്ചേരി: ബ്രിട്ടീഷ് അധിനിവേശത്തെ ആരംഭം മുതല്‍ ധീരമായി ചെറുത്ത ഏറനാടിന്റെയും വള്ളുവനാടിന്റെയും ബ്രട്ടീഷ് വിരുദ്ധസമരങ്ങളുടെ ചരിത്രവും പൈതൃകവും തേടി അരീക്കോട് സുല്ലമുസലാം സയന്‍സ് കോളജ് സംഘടിപ്പിച്ച ഏറനാട്-പൊന്നാനി പൈതൃക യാത്ര നവ്യാനുഭവമായി.
സുല്ലമുസലാം സ്ഥാപനങ്ങളുടെ എണ്‍പതാം വാര്‍ഷികത്തിന്റെയും സുല്ലമുസലാം സയന്‍സ് കോളജിന്റെ മുപ്പതാം വാര്‍ഷികത്തിന്റെയും ഭാഗമായി ഹിസ്റ്ററി,ജേര്‍ണലിസം പഠന വകുപ്പുകള്‍ സംയുക്തമായാണ് യാത്ര സംഘടിപ്പിച്ചത്. പ്രാദേശിക ചരിത്ര ഗവേഷകനും മാധ്യമ പ്രവര്‍ത്തകനും എം.ജി. സര്‍വകലാശാലയിലെ ഗവേഷകനുമായ ഷെബിന്‍ മെഹബൂബിന്റെ നേതൃത്വത്തിലാണ് യാത്ര സംഘടിപ്പിച്ചത്.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 50 പേര് യാത്രയില്‍ പങ്കെടുത്തു. അരീക്കോട് നിന്നാരംഭിച്ച യാത്ര സുല്ലമുസലാം കോളജ് മാനേജര്‍ പ്രഫ. എന്‍.വി. അബ്ദുറഹിമാന് ഫ്ളാഗ് ഓഫ് ചെയ്തു. മഞ്ചേരി ബോയ്സ് സ്കൂള്‍ പരിസരത്തെ എന്‍സൈന്‍ വൈസിന്റെ കല്ലറ, മുടിക്കോട് പോലീസ് ഔട്ട് പോസ്റ്റ്, പൂക്കോട്ടൂര്‍ യുദ്ധരക്തസാക്ഷികളുടെ ഖബര്‍, അധികാരത്തൊടി കൂട്ടക്കൊല പ്രദേശം, മലപ്പുറം പള്ളി, ലങ്കസ്റ്ററുടെ കല്ലറ, പൊന്നാനിയിലെ പഴയകാല മസ്ജിദുകള്‍, അഴീക്കല്ഗ്രാമം, മത്സ്യബന്ധന ഹാര്‍ബര്‍ എന്നിവിടങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തി.