സംസ്ഥാന സ്കൂള്‍ കായികമേള: ദീപശിഖ പ്രയാണത്തിന് വന്‍ സ്വീകരണം
1466093
Sunday, November 3, 2024 5:44 AM IST
മലപ്പുറം: ഒളിമ്പിക്സ് മാതൃകയില്‍ സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിക്കുന്ന സംസ്ഥാന സ്കൂള്‍ കായികമേളക്ക് മുന്നോടിയായി കാസര്‍ഗോഡ് നിന്ന് ആരംഭിച്ച ദീപശിഖ പ്രയാണത്തിന് മലപ്പുറം ജില്ലയില്‍ ആവേശോജ്വല സ്വീകരണം.
ജില്ലാ അതിര്‍ത്തിയായ രാമനാട്ടുകരയില്‍ കോഴിക്കോട് ഡിഡിഇ മനോജ് കുമാറില്‍ നിന്ന് മലപ്പുറം ഡിഡിഇ കെ.പി. രമേശ് കുമാര്‍ ദീപശിഖ ഏറ്റുവാങ്ങി. ജില്ലയിലെ ഉദ്യോഗസ്ഥര്‍, കായികാധ്യാപകര്‍, കായിക താരങ്ങള്‍ എന്നിവരുടെ അകമ്പടിയോടെ പുറപ്പെട്ട പ്രയാണത്തിന് മൊറയൂര്‍ വിഎംഎച്ച്എസ്എസില് സ്വീകരണം നല്കി. തുടര്‍ന്ന് മലപ്പുറം എംഎസ്പി സ്കൂളില്‍ ജില്ലാ കളക്ടര്‍ വി.ആര്. വിനോദ് ദീപശിഖ ഏറ്റുവാങ്ങി കായിക താരങ്ങള്‍ക്ക് കൈമാറി.
വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അബൂബക്കര്‍, വിദ്യാകിരണം കോ ഓര്‍ഡിനേറ്റര്‍ സുരേഷ് കൊളശേരി, കൈറ്റ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ടി.കെ. അബ്ദുള്‍ റഷീദ്, മലപ്പുറം ഡിഇഒ ഗീതാകുമാരി, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. സലീമുദ്ദീന്‍, ഡിപിസി മനോജ് കുമാര്‍, ജില്ലാ സ്പോര്‍ട്സ് ഓര്‍ഗനൈസര്‍ ഡോ. സന്ദീപ്, ആര്‍ഡിഎസ്ജിഎ സെക്രട്ടറി ഷബിന്, ഡിഡിഇ കെ.പി. രമേശ് കുമാര്‍, എംഎസ്പി സ്കൂള്‍ പ്രധാനാധ്യാപിക എസ്. സീത എന്നിവര്‍ പ്രസംഗിച്ചു.
ഇന്ന് രാവിലെ ഒമ്പതിന് എംഎസ്പി സ്കൂളില്‍ നിന്ന് ആരംഭിക്കുന്ന പ്രയാണത്തിന് രാവിലെ 10 ന് പെരിന്തല്‍മണ്ണ ജിബിഎച്ച്എസ്എസില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് ജില്ലാ അതിര്‍ത്തിയായ പുലാമന്തോളില്‍ വച്ച് ദീപശിഖ പാലക്കാട് ഡിഡിഇക്ക് കൈമാറും.
നാളെ മുതല്‍ 11 വരെ കൊച്ചിയിലാണ് കായികമേള അരങ്ങേറുന്നത്. വിവിധ ജില്ലകളില്‍ സ്വീകരണം ഏറ്റുവാങ്ങുന്ന ദീപശിഖ പ്രയാണവും വാഹന ജാഥയും നാലിന് എറണാകുളം തൃപ്പൂണിത്തുറയില്‍ സംഗമിക്കും. അവിടെനിന്ന് പ്രധാന വേദിയായ മഹാരാജാസ് കോളജ് ഗ്രൗണ്ടിലെത്തും.