ഉപതെരഞ്ഞെടുപ്പ്: ജില്ലയിലെ ഒരുക്കങ്ങള്‍ വിലയിരുത്തി
1467046
Thursday, November 7, 2024 12:58 AM IST
നിലമ്പൂര്‍: വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയിലെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പ്രണബ് ജ്യോതിനാഥ് നിലമ്പൂരിലെത്തി. പോളിംഗ് സാമഗ്രികളുടെ വിതരണ, സ്വീകരണകേന്ദ്രവും വോട്ടെണ്ണല്‍ കേന്ദ്രവുമായ നിലമ്പൂര്‍ അമല്‍ കോളജിലെ സൗകര്യങ്ങളും സ്ട്രോംഗ് റൂമുകളും അദ്ദേഹം സന്ദര്‍ശിക്കുകയും പോരായ്മകള്‍ പരിഹരിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.
ജില്ലാ കളക്ടര്‍, നിയോജക മണ്ഡലങ്ങളിലെ ഉപവരണാധികാരികള്‍ എന്നിവരോടൊപ്പമാണ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്ട്രോംഗ് റൂമുകളും വോട്ടെണ്ണല്‍ ഹാളുകളും മറ്റും സന്ദര്‍ശിച്ചത്. തുടര്‍ന്ന് കക്കാടംപൊയിലില്‍ നടന്ന അവലോകന യോഗത്തിലും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പങ്കെടുത്തു.
ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങളില്‍ മണ്ഡലങ്ങളാണ് വയനാട് ലോക്സഭ മണ്ഡലം പരിധിയില്‍ വരുന്നത്. ഇവിടങ്ങളിലെ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും പോളിംഗ് സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളും സുരക്ഷാ മുന്നൊരുക്കങ്ങളും അദ്ദേഹം വിലയിരുത്തി. കുറ്റമറ്റതും സുതാര്യവുമായ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ഉറപ്പാക്കാന്‍ നിര്‍ദേശം നല്കി.
ജില്ലാ ഇലക്ഷന് ഓഫീസറായ ജില്ലാ കളക്ടര്‍ വി.ആര്. വിനോദ്, ജില്ലാ പോലീസ് മേധാവി ആര്. വിശ്വനാഥ് അസിസ്റ്റന്റ് കളക്ടര്‍ വി.എം. ആര്യ, അഡീഷണല്‍ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ പി. കൃഷ്ണദാസ്, ഏറനാട് നിലമ്പൂര്‍, വണ്ടൂര്‍ നിയോജകമണ്ഡലങ്ങളുടെ ഉപവരണാധികാരികളായ ജില്ലാ സപ്ലൈ ഓഫീസര്‍ കെ. ജോസി ജോസഫ്, നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ ജി. ധനിക് ലാല്‍, നോര്‍ത്ത് ഡിഎഫ്ഒ പി. കാര്‍ത്തിക്, ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ കെ. കൃഷ്ണകുമാര്‍, ലാന്‍ഡ് ബോര്‍ഡ് ഡെപ്യൂട്ടി കളക്ടര്‍ ഷേര്‍ളി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.