ഉത്രാടം പുഴയില്‍ പാലമായില്ല; എംഎല്‍എയുടെ പ്രഖ്യാപനം പാഴായി
1466298
Monday, November 4, 2024 1:13 AM IST
നിലമ്പൂര്‍: എംഎല്‍എയുടെ ഉറപ്പും ഫലം കണ്ടില്ല. ഉത്രാടം പുഴയ്ക്ക് പാലമെന്ന പലകത്തോട് നിവാസികളുടെ പ്രതീക്ഷ മങ്ങുന്നു. ചാലിയാര്‍ പഞ്ചായത്തിന്റെ ഒന്നാം വാര്‍ഡിനെയും ഊര്‍ങ്ങാട്ടിരി പഞ്ചായത്തിന്റെ ഒന്നാം വാര്‍ഡിനെയും കൂട്ടി യോജിപ്പിക്കുന്നതിന് ഉത്രാടം പുഴയുടെ പലകത്തോട് ഭാഗത്ത് പാലം അനിവാര്യമാണ്.
കൂടാതെ പന്തീരായിരം ഉള്‍വനത്തിലെ അമ്പുമല നഗറിലെ 26 കുടുംബങ്ങള്‍ക്കും ഈ പാലം നിര്‍ബന്ധമാണ്. ഏറനാട് എംഎല്‍എ പി.കെ. ബഷീര്‍ 2011ല്‍ ഏറനാട് മണ്ഡലത്തില്‍ മത്സരിക്കാന്‍ എത്തിയപ്പോള്‍ പലകത്തോട് നിവാസികള്‍ക്ക് നല്കിയ ഉറപ്പായിരുന്നു ഉത്രാടം പുഴയ്ക്ക് കുറകെയുള്ള പാലം. എന്നാല്‍, 10 വര്‍ഷം കഴിഞ്ഞിട്ടും പാലം മാത്രം യഥാര്‍ഥ്യമായിട്ടില്ല. പലകത്തോട്-വാളാംതോട് ഭാഗങ്ങളിലെ നൂറിലധികം കുടുംബങ്ങള്‍ക്ക് ചാലിയാര്‍ പഞ്ചായത്ത് ഓഫീസിലേക്കും നിലമ്പൂരിലേക്കും എത്താനുള്ള എളുപ്പമാര്‍ഗം കൂടിയാണിത്.
അമ്പുമല നഗറിലേക്ക് ആദിവാസി കുടുംബങ്ങള്‍ക്ക് എത്താന്‍ നിലവില്‍ വാഹനം പോകുന്ന റോഡില്ല. സ്വകാര്യവ്യക്തിയുടെ പറമ്പിലൂടെയുള്ള റോഡില്‍ വാഹനങ്ങള്‍ കടന്ന് പോകാതിരിക്കാന്‍ വേലി കെട്ടിയിട്ടുണ്ട്. ഇദ്ദേഹവുമായി ചര്‍ച്ച നടത്തി ഈ റോഡിലൂടെ വാഹനങ്ങള്‍ കടത്തിവിടുന്നതിനോ ഉത്രാടംപുഴക്ക് കുറുകെ പാലം നിര്‍മിക്കാനോ അധികൃതര്‍ തയാറാകുന്നില്ല. തെരഞ്ഞെടുപ്പ് കാലങ്ങളില്‍ പലകത്തോട് നിവാസികള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ നല്കുന്ന വാഗ്ദാനം മാത്രമായി ഉത്രാടം പുഴക്ക് കുറുകെയുള്ള പാലം മാറികഴിഞ്ഞു. അമ്പുമല നഗറിലെ 26 കുടുംബങ്ങളുടെ ദുരിതവും ഉത്തരമില്ലാത്ത ചോദ്യമായി തുടരും.