"വടക്കിണീന്ന് തുടങ്ങാം ആരോഗ്യം’ ബോധവത്ക്കരണ കാമ്പയിന് തുടക്കമായി
1467051
Thursday, November 7, 2024 12:58 AM IST
മലപ്പുറം: വടക്കിണീന്ന് (അടുക്കള) തുടങ്ങാം ആരോഗ്യം എന്ന പേരില്‍ ആരോഗ്യ ബോധവത്കരണ കാമ്പയിന് ജില്ലയില്‍ തുടക്കമായി. കാമ്പയിന്റെ ലോഗോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. രേണുക പ്രകാശനം ചെയ്തു.
ജനങ്ങളുടെ ഭക്ഷണശീലങ്ങളും ഭക്ഷണസൗകര്യങ്ങളും വളരെയധികം മാറ്റത്തിന് വിധേയമായ ഈ സാഹചര്യത്തില്‍ ആരോഗ്യമുള്ള ജനതയെ രൂപപ്പെടുത്തേണ്ടത് അനിവാര്യമായ സാഹചര്യത്തിലാണ് കാമ്പയിന് തുടങ്ങുന്നത്. ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിക്കുന്നതിനുള്ള ആരോഗ്യശീലങ്ങള്‍ നമ്മുടെ അടുക്കളയില്‍നിന്ന് തന്നെ തുടങ്ങേണ്ടതാണ്.
ഇതിന് ഉതകുന്ന രീതിയില്‍ കുട്ടികളില്‍ നല്ല ഭക്ഷണ ശീലങ്ങള്‍ വളര്‍ത്തി കൊണ്ടുവരിക എന്ന ഉദേശ്യത്തോടെയാണ് മലപ്പുറം ജില്ലയില്‍ ’വടക്കിണീന്ന് തുടങ്ങാം ആരോഗ്യം ’എന്ന കാമ്പയിന് ആരംഭിച്ചത്.
അങ്കണവാടികള്‍ സ്കൂളുകള്‍, കുടുംബശ്രീ യോഗങ്ങള്‍, വാര്‍ഡ്തല ആരോഗ്യ ശുചിത്വ പോഷക സമിതി യോഗങ്ങള്‍, സ്കൂള്‍ പിടിഎ യോഗങ്ങള്‍, പഞ്ചായത്തുതല യോഗങ്ങള്‍ എന്നിവിടങ്ങളില്‍ ബോധവത്കരണ ക്ലാസുകള്‍, ചര്‍ച്ചകള്‍, മത്സരങ്ങള്‍, ഭക്ഷ്യമേളകള്‍ എന്നിവ കാമ്പയിന്റെ ഭാഗമായി നടത്തും.
ഇതിലൂടെ കുട്ടികളില്‍ പുതിയ ആരോഗ്യഭക്ഷണ ശീലങ്ങള്‍ വളര്‍ത്തിയെടുക്കുക എന്നതാണ് കാമ്പയിന് ലക്ഷ്യമാക്കുന്നത്. പോഷക സമ്പുഷ്ടമായ ഭക്ഷണശീലങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുകയും പ്രാദേശിക ഭക്ഷണ വിഭവങ്ങള്‍ കൂടുതല്‍ പരിചയപ്പെടുത്തുകയും ചെയ്യും. ഇതുവഴി കുട്ടികളിലെയും മുതിര്‍ന്നവരിലെയും കാന്‍സര്‍, പ്രമേഹം, പൊണ്ണത്തടി, കരള്‍ രോഗങ്ങള്‍ തുടങ്ങിയ ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കലാണ് ലക്ഷ്യമാക്കുന്നത്.