മലപ്പുറത്തിന്റെ ഫുട്ബോള്‍ പ്രേമവും ഗ്രീന്‍ഫീല്‍ഡ് ഹൈവേയും വിഷയമാക്കി പ്രിയങ്ക
1467045
Thursday, November 7, 2024 12:58 AM IST
കരുവാരകുണ്ട്: തുവൂരിലെ ഗ്രീന്‍ ഫീല്‍ഡ് ഹൈവേയുമായി ബന്ധപ്പെട്ട വിഷയവും മലപ്പുറത്തിന്റെ ഫുട്ബോള്‍ പ്രേമവും പ്രസംഗ വിഷയമാക്കി പ്രിയങ്കഗാന്ധി. വയനാട് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം തുവൂര്‍ ടൗണില്‍ നടന്ന കോര്‍ണര്‍ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി.
ഗ്രീന്‍ഫീല്‍ഡ് ഹൈവേ കടന്നുപോകുന്ന പ്രധാന പ്രദേശങ്ങളില്‍ ഒന്നാണ് തുവൂര്‍. റെയില്‍വേ സ്റ്റേഷനിലേക്ക് ഉള്‍പ്പെടെ സര്‍വീസ് റോഡില്ലാത്തത് തുവൂരുകാര്ക്കിടയില് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
എന്നാല്‍, ഇത്തരം ആശങ്കകള്‍ പരിഹാരിക്കാനാവശ്യമായ ശ്രമങ്ങള്‍ തന്നില്‍ നിന്നുണ്ടാകുമെന്നും പ്രിയങ്കഗാന്ധി പറഞ്ഞു. മലപ്പുറത്തിന്റെ ഫുട്ബോള്‍ പ്രേമത്തെക്കുറിച്ചും പ്രിയങ്ക പരാമര്‍ശിച്ചു. നമ്മുടെ നാട്ടിലെ ചെറുപ്പക്കാര്‍ കായിക മത്സരങ്ങളില്‍, പ്രത്യേകിച്ച് ഫുട്ബോളില്‍ നല്ല കഴിവുള്ളവരാണെന്നും ലോകത്തുള്ള ആരോടും മത്സരിക്കുന്ന രീതിയില്‍ അവരെ വളര്‍ത്തിക്കൊണ്ടു വരണമെന്നും പ്രിയങ്ക പറഞ്ഞു.
നരേന്ദ്രമോദിയും ബിജെപിയും പ്രചരിപ്പിക്കുന്നത് വിദ്വേഷത്തിന്റെ രാഷ്ട്രീമാണെങ്കില് രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസും പ്രചരിപ്പിക്കുന്നത് സ്നേഹത്തിന്റെ രാഷ്ട്രീയമാണെന്നും പ്രിയങ്ക പറഞ്ഞു. വിളകള്‍ക്ക് ന്യായമായ വില കിട്ടുന്നില്ല. രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നില്ല. മഹാദുരന്തങ്ങള്‍ നടന്നിട്ടും നഷ്ടപരിഹാരം ലഭിക്കുന്നില്ല. സാമൂഹ്യ സുരക്ഷാ പെന്ഷന് ലഭിക്കാന്‍ വൈകുന്നു. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കൃത്യമായ വേതനം ലഭിക്കുന്നില്ല.
മനുഷ്യ-വന്യജീവി സംഘര്‍ഷം വലിയ പ്രശ്നമാണ്. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ ഇനിയും ധാരാളം വികസനങ്ങള്‍ ആവശ്യമുണ്ട്. കര്‍ഷകര്‍ക്ക് ലഭ്യമായ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം. രാജ്യത്ത് ബിജെപി വിഭാഗീയ വളര്‍ത്തിയപ്പോള്‍ സ്നേഹത്തിനും വിശ്വാസത്തിനും ഐക്യത്തിനും വേണ്ടി 4000 കിലോമീറ്റര്‍ നടക്കാന്‍ രാഹുല്‍ഗാന്ധിക്ക് ധൈര്യം നല്‍കിയത് വയനാട് മണ്ഡലത്തിലെ ജനങ്ങളാണെന്നും പ്രിയങ്ക ഗാന്ധി ഓര്‍മിപ്പിച്ചു. ഉച്ചയ്ക്ക് 12.30 ഓടെയാണ് പ്രിയങ്ക തുവൂരിലെത്തിയത്.
കെ.സി.വേണുഗോപാല്‍ എംപി, ഹൈബി ഈഡന് എംപി, എ.പി. അനില്‍കുമാര്‍ എംഎല്‍എ, കെ.പി.എ. മജീദ് എംഎല്‍എ, വി.എസ്. ശിവകുമാര്‍, ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ്, കളത്തില്‍ കുഞ്ഞാപ്പു ഹാജി തുടങ്ങിയവരും പങ്കെടുത്തു.