സെവന്‍സ് ഫുട്ബോളിലെ പുതിയ തീരുമാനം കളിക്കളത്തിലെ അക്രമ പ്രവണത ഇല്ലാതാക്കും: സി.വി. പാപ്പച്ചന്
1466293
Monday, November 4, 2024 1:13 AM IST
പെരിന്തല്‍മണ്ണ: ഫുട്ബോള്‍ കളിക്കിടെ റഫറിയെ കൈയേറ്റം ചെയ്യുന്ന താരങ്ങളെ 21 മത്സരങ്ങളില്‍ വിലക്ക് ഏര്‍പ്പടുത്തുന്ന സെവന്‍സ് ഫുട്ബോളിലെ പുതിയ തീരുമാനം കളിക്കളത്തിലെ അക്രമണ പ്രവണത ഇല്ലാതാക്കുമെന്ന് ഇന്ത്യന്‍ മുന്‍താരം സി.വി. പാപ്പച്ചന് പറഞ്ഞു. ഓള് കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് കമ്മിറ്റി അസോസിയേഷന് (എകഐസ്എഫ്ടിസിഎ) സംസ്ഥാന സമ്മേളനം പെരിന്തല്‍മണ്ണയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശിക്ഷാനടപടി കര്‍ശനമാക്കാത്തതിനാല്‍ റഫറിമാരെ കൈയേറ്റം ചെയ്യുന്നത് പലപ്പോഴും അതിര് വിട്ടിരുന്നു. പുതിയ നിബന്ധന പരക്കെ സ്വാഗതം ചെയ്യപ്പെടുമെന്നും പാപ്പച്ചന് പറഞ്ഞു. കെ.ടി. ഹംസ പതാക ഉയര്‍ത്തിയതോടെയാണ് പരിപാടി ആരംഭിച്ചത്. ചടങ്ങില്‍ സെവന്‍സിലെ വിവിധ മേഖലയിലെ ഇന്‍ഷ്വറന്‍സ് പരിരക്ഷ പദ്ധതി പ്രഖ്യാപനം നജീബ് കാന്തപുരം എംഎല്‍എ നിര്‍വഹിച്ചു. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ മികച്ച ടൂര്‍ണമെന്റ് കമ്മിറ്റിയായി തെരഞ്ഞെടുത്ത തിരൂരങ്ങാടി ഫുട്ബോള്‍ കമ്മിക്കുള്ള ഉപഹാരം എകഐസ്എഫ്ടിസിഎ സംസ്ഥാന ട്രഷറര്‍ കെ.ടി. ഹംസ, പ്രത്യേക ജൂറി അവാര്‍ഡിന് അര്‍ഹമായ കഐംജി മാവൂര്‍ ഫുട്ബോള്‍ കമ്മിറ്റിക്കുള്ള പുരസ്കാരം എന്നിവ പാപ്പച്ചന് സമ്മാനിച്ചു.
സംസ്ഥാന പ്രസിഡന്റ് കെ.എം. ലെനിന് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി. സലാവുദ്ദീന്‍ മമ്പാട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സെവന്‍സ് ഫുട്ബോള്‍ അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി സൂപ്പര്‍ അഷ്റഫ് ബാവ ആമുഖ പ്രഭാഷണവും സംസ്ഥാന സീനീയര്‍ വൈസ് പ്രസിഡന്റ് എ.എം. ഹബീബുള്ള അരീക്കോട് മുഖ്യപ്രഭാഷണവും നടത്തി. സംഘാടക സമിതി ചെയര്മാന് സി. മുഹമ്മദലി, ഭാരവാഹികളായ സി.എച്ച്. മുസ്തഫ, മണ്ണിശേരി ഹസന്, മണ്ണേങ്ങല്‍ അസീസ്, പാറയില്‍ കരീം, എച്ച്. മുഹമ്മദ് ഖാന് എന്നിവര്‍ നേതൃത്വം നല്കി.