മലപ്പുറത്ത് ക്ലോറിന്‍ വാതകം ചോര്‍ന്നത് പരിഭ്രാന്തി പരത്തി; ഒഴിവായത് വന്‍ദുരന്തം
1466098
Sunday, November 3, 2024 5:44 AM IST
മലപ്പുറം: മലപ്പുറം എംഎസ്പി ക്യാമ്പിന് എതിര്‍വശത്തെ വാട്ടര്‍ അഥോറിറ്റി ട്രീറ്റ്മെന്റ് പ്ലാന്റില്‍ ക്ലോറിന്‍ വാതകം ചോര്‍ന്നത് പരിഭ്രാന്തി പരത്തി. ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. സമീപ പ്രദേശത്ത് വിദ്യാര്‍ഥികളും ഉണ്ടായിരുന്നു. ജീവനക്കാര്‍ ഉടനെ മലപ്പുറം അഗ്നിരക്ഷാ സേനയില്‍ വിവരം അറിയിച്ചതിനാല്‍ സേന ഉടന്‍ സ്ഥലത്തെത്തി വാല്‍വ് അടച്ച് അപകടാവസ്ഥ ഇല്ലാതാക്കി.
ഉപയോഗ ശേഷം ഒരു ടണ്ണോളം വരുന്ന കംപ്രസ്ഡ് ക്ലോറിന്‍ ഉള്ക്കൊക്കൊള്ളുന്ന ടാങ്കിന്റെ വാൽവ് അടയ്ക്കുന്നതിനിടെ ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ട ജീവനക്കാരന് അഗ്നിരക്ഷ സേനയെ വിവരം അറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ സേനയിലെ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ എന്‍. ജംഷാദ്, കെ.സി. മുഹമ്മദ് ഫാരിസ് എന്നിവര്‍ ബ്രീത്തിംഗ് അപ്പാരറ്റസ് (ശ്വസനോപകരണം) ധരിച്ച് ടാങ്ക് മുറിയില്‍ കയറി വാൽവ് അടച്ച് ചോര്‍ച്ച പൂര്‍ണമായും ഇല്ലാതാക്കി.
പ്ലാന്റിന്റെ സമീപമാകെ ക്ലോറിന്‍ പരന്നതിനാല്‍ പ്ലാന്റ് ജീവനക്കാര്‍ ദൂരേക്ക് മാറിയിരുന്നു. വാല്‍വ് അടച്ച ശേഷം അമോണിയ ഉപയോഗിച്ച് ചോര്‍ച്ച ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് അഗ്നിരക്ഷാസേന മടങ്ങിയത്.
സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ എം. പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ എസ്. ബിനു, അഭിനന്ദ്, വുമണ്‍ ഫയര്‍ ഓഫീസര്‍ അനുശ്രീ, ഹോം ഗാര്‍ഡ് മനാഫ്, സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍ എന്‍. പ്രസാദ്, വി.പി. ബിജി തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.