മയക്കുമരുന്ന് കടത്ത്: പ്രതിക്ക് 12 വര്‍ഷം കഠിന തടവ്
1466584
Tuesday, November 5, 2024 1:17 AM IST
മഞ്ചേരി: മയക്കുമരുന്നു കടത്തുന്നതിനിടെ മലപ്പുറം പോലീസ് അറസ്റ്റ് ചെയ്ത യുവാവിന് മഞ്ചേരി എന്‍ഡിപിഎസ് കോടതി 12 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കാസര്‍ഗോഡ് കുഞ്ഞത്തൂര്‍ ഗുഢ ഹൗസില്‍ അബ്ദുള്‍ഖാദറി(43)നെയാണ് ജഡ്ജ് എം.പി. ജയരാജ് ശിക്ഷിച്ചത്. പിഴയടക്കാത്ത പക്ഷം ആറുമാസത്തെ അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.
2022 ഡിസംബര്‍ 15ന് വൈകുന്നേരം അഞ്ചുമണിക്കാണ് കേസിനാസ്പദമായ സംഭവം. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം പോലീസ് സബ് ഇന്‍സ്പെക്ടറായിരുന്ന എ. നിതിന്‍ ആണ് മലപ്പുറം കോട്ടക്കുന്ന് പ്രവേശന കവാടത്തിന് സമീപത്തുവച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയില്‍ നിന്ന് വില്‍പ്പനക്കായി കൊണ്ടുവന്ന 198 ഗ്രാം എംഡിഎംഎയും കണ്ടെടുത്തിരുന്നു.
മലപ്പുറം പോലീസ് ഇന്‍സ്പെക്ടറായിരുന്ന ജോബി തോമസ് ആണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. സുരേഷ് ഏഴ് സക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു.
22 രേഖകളും 10 തൊണ്ടിമുതലുകളും ഹാജരാക്കി. എസ്ഐ സുരേഷ് ബാബുവാണ് പ്രോസിക്യൂഷന് അസിസ്റ്റ് ലെയ്സണ്‍ ഓഫീസര്‍. അറസ്റ്റിലായതു മുതല്‍ നാളിതുവരെ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നില്ല. ജുഡീഷല്‍ കസ്റ്റഡിയില്‍ കഴിഞ്ഞ കാലാവധി ശിക്ഷയില്‍ ഇളവ് ചെയ്യണമെന്നും കോടതി വിധിച്ചു.