മൂവര്‍ സംഘത്തിന് നാട്ടുകാരുടെ ആദരവ്
1466094
Sunday, November 3, 2024 5:44 AM IST
മഞ്ചേരിയിലും നറുകരയിലും ഭൂമിയുടെ ന്യായ വിലയില്‍ 200 ശതമാനം കുറച്ച് സര്‍ക്കാര്‍ ഉത്തരവ്
മഞ്ചേരി: മഞ്ചേരിയിലും നറുകരയിലും ഭൂമിയുടെ ന്യായ വിലയില്‍ 200 ശതമാനം കുറച്ച് സര്‍ക്കാര്‍ ഉത്തരവ് വന്നതിനു പിന്നില്‍ അഹോരാത്രം പ്രവര്‍ത്തിച്ച മൂവര്‍ സംഘത്തിന് നാട്ടുകാരുടെ ആദരവ്. അഡ്വ. എന്‍.കെ. യഹ്യ, പുല്ലഞ്ചേരി കരുമുടിക്കല് ഹുസൈന്, അവുലന്‍ അബ്ദുള്ള എന്നിവരെയാണ് പൗരസമിതി ആദരിച്ചത്.
ന്യായവില നിശ്ചയിച്ചതിലുണ്ടായ ഗുരുതരമായ അപാകത മൂലം ഭൂമികൈമാറ്റം അസാധ്യമായ മഞ്ചേരിയിലും നറുകരയിലും നിരവധി കുടുംബങ്ങള്‍ ദുരിതത്തിലായിരുന്നു. മക്കളുടെ വിവാഹത്തിനും കടം വീട്ടുന്നതിനും ചികിത്സക്കും മറ്റും പണം കണ്ടെത്താന്‍ ഭൂമി വില്ക്കാനാകാതെ നിരവധി പേര് കഷ്ടത്തിലായിരുന്നു.
പ്രദേശത്ത് ആരംഭിക്കാനിരുന്ന പല വ്യവസായ സ്ഥാപനങ്ങളും ഭൂമിയുടെ വില കാരണം തൊട്ടടുത്ത പഞ്ചായത്തുകളിലേക്ക് ചേക്കേറുകയുണ്ടായി.
2010ലാണ് സംസ്ഥാനത്ത് ഭൂമിക്ക് ന്യായവില നിശ്ചയിച്ചത്. സംസ്ഥാനത്ത് ഭൂമാഫിയ ശക്തമാകുന്നുവെന്നും ഇത് സാമ്പത്തിക രംഗത്തുണ്ടാക്കുന്ന പ്രശ്നങ്ങള്‍ ഏറെ വലുതാകുമെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഒരോ പ്രദേശങ്ങളുടെയും ഭൂമിശാസ്ത്രവും വാണിജ്യപരവുമായ സ്ഥാനം കണക്കിലെടുത്ത് സര്‍ക്കാര്‍ ഫെയര്‍വാല്യു നിശ്ചയിച്ചത്. എന്നാല്‍ മഞ്ചേരിയിലും നറുകരയിലും നിശ്ചയിച്ച വില വന്നഗരങ്ങളെപ്പോലും വെല്ലുന്ന തരത്തിലായിരുന്നു.
2014 ല്‍ സംസ്ഥാനത്താകമാനം ന്യായവിലയില്‍ 50 ശതമാനം കൂടി വര്‍ധിപ്പിച്ചതോടെ മഞ്ചേരിയിലും നറുകരയിലും ന്യായവില തീര്‍ത്തും അന്യായ വിലയായി. ഇതിനെതിരേ സംസ്ഥാന സര്‍ക്കാര്‍, ലാന്റ് റവന്യൂ കമ്മീഷണര്‍, മലപ്പുറം ജില്ലാ കളക്ടര്‍, ഏറനാട് താലൂക്ക് തഹസില്‍ദാര്‍, മഞ്ചേരി വില്ലേജ് ഓഫീസര്‍ എന്നിവരെ എതിര്‍കക്ഷികളാക്കി മഞ്ചേരി പുല്ലഞ്ചേരി കരുമുടിക്കല് ഹുസൈനും അഡ്വ. എന്‍.കെ. യഹ്യയും ഹൈക്കോടതിയെ സമീപിച്ചു.
2020, 2021, 2022 വര്‍ഷങ്ങളില്‍ പൊതുവര്ധനവ് ഉണ്ടായി. വീണ്ടും ഇരു സ്ഥലങ്ങളിലും ഭൂമിക്ക് അന്യായ വിലയായി. 2022ല്‍ വീണ്ടും യഹ്യയും ഹുസൈനും ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ വിഷയത്തില്‍ സമഗ്ര പഠനം നടത്തി നടപടിയെടുക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് കര്‍ശന നിര്‍ദേശം നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ വിഷയം പരിശോധിച്ച സര്‍ക്കാര്‍ വിലനിര്‍ണയത്തിലെ അപാകത കണ്ടെത്തി 260 ശതമാനത്തില്‍ നിന്ന് 60 ശതമാനം മാത്രം വര്‍ധനവ് വരുത്തി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
കടക്കെണിയിലകപ്പെട്ട പാവപ്പെട്ടവന് തന്റെ കിടപ്പാടം വിറ്റെങ്കിലും തടിരക്ഷപ്പെടുത്താന്‍ പറ്റാതെ വന്നപ്പോള്‍ ഇതിനെതിരേ പൊതുജന പങ്കാളിത്തത്തോടെ പല സമരങ്ങള്‍ക്കും നേതൃത്വം നല്‍കിയയാളാണ് അവുലന്‍ അബ്ദുള്ള.
തുറക്കല്‍ അങ്ങാടിയില്‍ നടന്ന പരിപാടി അഡ്വ. യു.എ. ലത്തീഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പൗരസമിതി ചെയര്മാന് ജലീല്‍ തുറക്കല്‍ അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ അഡ്വ. എം. ഉമ്മര്‍, നിര്മാണ് മുഹമ്മദലി, എ.എം. സൈതലവി, യാഷിക്ക് മേച്ചേരി, എലൈറ്റ് മജീദ്, കണ്‍വീനര്‍ വി.എം. മുസ്തഫ, അലി പുത്തലത്ത് എന്നിവര്‍ പ്രസംഗിച്ചു.