പരിയാപുരം സെന്റ് മേരീസ് സ്കൂളില്‍ ജീവന്‍രക്ഷാ ശില്പശാല
1466296
Monday, November 4, 2024 1:13 AM IST
അങ്ങാടിപ്പുറം: തൊണ്ടയില്‍ നാണയം കുടുങ്ങിയാല്‍ എന്തുചെയ്യണം? പാമ്പുകടിയേറ്റയാളെ ശുശ്രൂഷിക്കേണ്ടതെങ്ങനെ? റോഡ് അപകടങ്ങളില്‍ പരിക്കേറ്റ് കിടക്കുന്നവര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കേണ്ടത് എങ്ങനെ? ഓരോ വിദ്യാര്‍ഥിയും അറിഞ്ഞിരിക്കേണ്ട ജീവന്‍രക്ഷാ പാഠങ്ങള്‍ പകര്ന്നുനല്കി പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പരിശീലനം ഒരുക്കി. പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയുടെ സഹകരണത്തോടെ, സ്കൂളിലെ നാഷണല്‍ സര്‍വീസ് സ്കീം, സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് എന്നിവയുടെ നേതൃത്വത്തിലാണ് ജീവന്‍രക്ഷാ ശില്പശാല സംഘടിപ്പിച്ചത്.
അപകടങ്ങള്‍ക്ക് ദൃക്സാക്ഷിയാകുന്നവര്‍ അപകടത്തില്‍പെട്ടവര്‍ക്ക് ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങളും പ്രഥമശുശ്രൂഷകളും നല്കി അവര്‍ക്ക് മെഡിക്കല്‍ സേവനം ലഭ്യമാകുന്ന സ്ഥലത്തെത്തിക്കുകയാണെങ്കില് മരണവും സാരമായ പരിക്കുകളും ഒരു പരിധിവരെ കുറയ്ക്കാനാകുമെന്ന് പരിശീലനത്തിന് നേതൃത്വം നല്കിയ മൗലാന ആശുപത്രിയിലെ അനസ്തേഷ്യോളജി വിഭാഗം മേധാവി ഡോ. പി.ശശിധരന് പറഞ്ഞു.
ഡെമ്മികളുപയോഗിച്ച് വിവിധ ഉപകരണങ്ങളുടെയും ആധുനിക സാങ്കേതികവിദ്യയുടെയും സഹായത്തോടെയായിരുന്നു പരിശീലനം. ശ്വാസതടസത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ രോഗിയെനെഞ്ചിലമര്ത്തിയും കൃത്രിമ ശ്വാസോച്ഛ്വാസത്തിലൂടെയും എങ്ങനെ മരണത്തില്‍ നിന്ന് രക്ഷപ്പെടുത്താമെന്ന് പ്രായോഗിക പരിശീലനവും നല്കി.
സ്കൂള്‍ പ്രിന്‍സിപ്പല്‍ പി.ടി.സുമ ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സേവ്യര്‍ എം.ജോസഫ്, മനോജ് വീട്ടുവേലിക്കുന്നേല്‍, സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് മാസ്റ്റര്‍മാരായ പി.നിര്‍മല്‍കുമാര്‍, പി.വി.സിന്ധു, പരിശീലകരായ എന്‍.കെ. ഫര്‍വീന്‍, കെ. മുഹമ്മദ് ആദില്‍, പി. ടി. മുഹമ്മദ് അദ്നാന് ബഷീര്‍, ആനന്ദ് പ്രകാശ്, അസ്ലം മുഹമ്മദ്, വിഷ്ണു എന്നിവര്‍ നേതൃത്വം നല്കി.