വിവാദങ്ങൾക്കൊടുവിൽ ചോക്കാട് ലൈഫ് ഭവന പദ്ധതിക്ക് പച്ചക്കൊടി
1299573
Friday, June 2, 2023 11:52 PM IST
കാളികാവ്: വിവാദങ്ങൾക്കൊടുവിൽ ചോക്കാട് ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്തൃ സംഗമവും ആധാര കൈമാറ്റവും സംഘടിപ്പിച്ചു. പഞ്ചായത്ത് കോണ്‍ഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം ഉദ്ഘാടനം ചെയ്തു. 2017- 18 മുതൽ പഞ്ചായത്തിൽ തുടങ്ങിയ പഴയ ലിസ്റ്റിൽ ഇതുവരെ 89 വീടുകൾ പൂർത്തീകരിച്ചു.
40 ഭൂരഹിതർക്ക് ഭൂമിയും നൽകിയിട്ടുണ്ട്. പഴയ ലിസ്റ്റിൽ ഇനിയും 70 പേർക്ക് ഭൂമി ലഭിക്കാൻ ബാക്കിയുണ്ട്. 2020 നു ശേഷമുള്ള പുതിയ ലിസ്റ്റിൽ പട്ടികജാതി-വർഗ വിഭാഗങ്ങൾക്കുള്ള മുഴുവൻ വീടുകൾക്കും ഫണ്ട് അനുവദിച്ചിട്ടുണ്ട്. ജനറൽ വിഭാഗത്തിൽ 388 അപേക്ഷകരിൽ 150 പേർക്ക് ഈ വർഷം വീട് നൽകാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത്. ജില്ലാ, ബ്ലോക്ക് ഫണ്ടുകളിൽ നിന്നായി ഒന്നരക്കോടി രൂപ ലഭിച്ചാൽ മാത്രമേ അപേക്ഷകരിലെ പകുതി പേർക്കെങ്കിലും വീട് നൽകാൻ കഴിയുകയുള്ളു. പഞ്ചായത്ത് പ്രസിഡന്റ് ടി. രാമൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി റഉൗഫ, ബ്ലോക്ക് മെംബർമാരായ റഫീഖ മറ്റത്തൂർ പ്രസംഗിച്ചു.