അജ്ഞാതജീവിയുടെ ആക്രമണം: നിരവധി കോഴികൾ ചത്തു
1536238
Tuesday, March 25, 2025 6:36 AM IST
വെള്ളറട: മലയോരത്ത് അജ്ഞാത ജീവിയുടെ ആക്രമണത്തിൽ വളര്‍ത്തുകോഴികൾ ചത്തു.
വെള്ളറട പഞ്ചായത്തിലെ പന്നിമല വാര്‍ഡിലാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി അജ്ഞാത ജീവിയുടെ ആക്രമണം തുടരുന്നത്.
കഴിഞ്ഞദിവസം വെട്ടുകുറ്റിയില് സുരേഷ് കുമാറിന്റെ രണ്ടു കൂടുകളിലായി പാര്‍പ്പിച്ചിരുന്ന 25 ഓളം കോഴികളെയാണ് അജ്ഞാതജീവി കൊന്നത്. വീട്ടുകാര്‍ രാവിലെ പുറത്തിറങ്ങിയപ്പോഴാണു കോഴികള്‍ ചത്തുകിടക്കുന്നത് കണ്ടത്. സമീപത്തെ ഏതാനും വീടുകളിലെ കോഴികളെ കൊന്നിരുന്നു. ഒരാഴ്ചയ്ക്കുമുമ്പ് സമീപത്തുതന്നെ എബനീസര്‍ മോസസിന്റെ പത്തു കോഴികളെയും അജ്ഞാതജീവി കൊന്നിരുന്നു.
അജ്ഞാത ജീവിയുടെ ആക്രമണം വ്യാപകമായതോടെ നാട്ടുകാര്‍ വനം വകുപ്പിന്റെ പരുത്തുപള്ളി റേഞ്ച് ഓഫീസില്‍ വിവിരം അറിയിച്ചു. തുടര്‍ന്ന് ഫോറസ്റ്റ് ആര്‍ആര്‍ ടീം അംഗങ്ങളായ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ രോഷിണി, ഷിബു, രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ചു പരിശോധന നടത്തി. സംഭവമറിഞ്ഞ് വാര്‍ഡ് മെമ്പര്‍ ജയന്തിയും സ്ഥലത്തെത്തിയിരുന്നു.
എന്നാല്‍ സമീപത്തൊന്നും തന്നെ കാമറകള്‍ ഇല്ലാത്തതിനാല്‍ ഏതുജീവിയാണ് കോഴികളെ ആക്രമിക്കുന്നതെന്നു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മലയോരത്ത് വന്യമൃഗശല്യം കാരണം മറ്റുകൃഷികളൊന്നും ചെയ്ത് ആദായം ലഭിക്കാത്ത സാഹചര്യത്തിലാണ് കര്‍ഷകര്‍ കോഴിവളര്‍ത്തലിലേക്ക് തിരിഞ്ഞത്. ഇപ്പോള്‍ അതുചെയ്തും കുടുംബം പുലര്‍ത്താന്‍ കഴിയാത്ത അവസ്ഥയാണെന്നും കര്‍ഷകര്‍ പറയുന്നു.