വിഴിഞ്ഞം മത്സ്യബന്ധന തുറമുഖ വികസനത്തിന് 271 കോടിയുടെ പദ്ധതി
1536942
Thursday, March 27, 2025 6:22 AM IST
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഭാഗമായി പുതിയ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം വികസിപ്പിക്കുന്നതിന് 271 കോടി രൂപയുടെ പദ്ധതിക്കു മന്ത്രിസഭായോഗം അനുമതി നൽകി. വിഴിഞ്ഞത്തു നിലവിലുള്ള മത്സ്യബന്ധന തുറമുഖത്തിന്റെ പ്രവേശന കവാടത്തിന്റെ സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള ബ്രേക്ക് വാട്ടർ നിർമാണവും സിഡബ്ല്യുപിആർഎസ് സമർപ്പിച്ച അന്തിമ രൂപരേഖയുടെ അടിസ്ഥാനത്തിൽ രണ്ടു പാക്കേജുകളായാണ് പദ്ധതി നടപ്പാക്കുക.
കണ്സെഷൻ കരാറിലെ ഫണ്ടഡ് വർക്ക് വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ കണ്സെഷനയർ മുഖേന 235 മീറ്റർ നീളമുള്ള ബ്രേക്ക് വാട്ടറും 500 നീളമുള്ള ഫിഷറീസ് ബെർത്തും മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവയ്ക്കായി 146 കോടി രൂപ ചെലവഴിച്ച് പദ്ധതി നടപ്പാക്കും. പാക്കേജ് ഒന്ന് ആയിട്ടാണ് ഈ പദ്ധതി നടപ്പാക്കുക.
നിലവിലുള്ള മത്സ്യബന്ധ തുറമുഖത്തിന്റെ ബ്രേക്ക് വാട്ടറിൽ നിന്ന് 45 ഡിഗ്രി ചരിവിൽ 250 മീറ്റർ നീളമുള്ള ബ്രേക്ക് വാട്ടർ നിർമ്മാണം 125 കോടി രൂപ ചെലവിൽ ഹാർബർ എൻജിനീയറിംഗ് വകുപ്പ് മുഖേന ഡെപ്പോസിറ്റ് വർക്കായി പാക്കേജ് രണ്ടായി നടപ്പാക്കും.