ഓണത്തെ വരവേൽക്കാനൊരുങ്ങി നാടും നഗരവും : ജനത്തിരക്കേറി; ഉത്രാടപ്പാച്ചിൽ ഇന്ന്
1453305
Saturday, September 14, 2024 6:21 AM IST
തിരുവനന്തപുരം: പൊന്നിൻ ചിങ്ങമാസത്തിലെ തിരുവോണത്തെ വരവേറ്റുകൊണ്ട് ഇന്ന് ഉത്രാടദിനം. ഇന്നലെ വൈകുന്നേരം മുതൽ നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ വ്യാപാര സ്ഥാപനങ്ങളിൽ ഓണത്തിരക്കേറി. ടെക്സ്റ്റൈയിൽസ്, ഫുട് വെയർ, ഫാൻസി ഷോപ്പുകളിലും പ്രധാനപ്പെട്ട മാളുകളിലും ഇന്നലെ രാവിലെ മുതൽ നല്ല തിരക്കായിരുന്നു.
സ്കൂളുകളും കോളജുകളും ഓണ അവധി പ്രമാണിച്ച് ഇന്നലെ അടച്ചതിനെ തുടർന്നു നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ കുടുംബ സമേതമാണ് ഓണക്കോടികൾ വാങ്ങാൻ നൂറു കണക്കിനാളുകൾ എത്തിയത്. ഇന്നു വൈകുന്നേരത്തെ ഉത്രാട സന്ധ്യക്ക് നിലവിളക്ക് കൊളുത്തുന്നതിനായുള്ള സാധനസാമഗ്രികൾ ഇന്നലെ തന്നെ സ്ത്രീകൾ വാങ്ങിയിരുന്നു.
ചാലക്കന്പോളം, തന്പാനൂർ, കിഴക്കേകോട്ട, അട്ടക്കുളങ്ങര, കേശവദാസപുരം, വെള്ളയന്പലം, പൂജപ്പുര, പട്ടം, ഉള്ളൂർ, ശ്രീകാര്യം എന്നീ പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലാണ് വലിയ തിരക്ക് അനുഭവപ്പെട്ടത്. ഇന്നലെ ഉച്ചമുതൽ സൂപ്പർ മാർക്കറ്റുകളിൽ നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. സപ്ലൈകോ, കണ്സ്യൂമർഫെഡ് വിപണന കേന്ദ്രങ്ങളിലും നല്ല തിരക്കായിരുന്നു.
സാധന സാമഗ്രികൾ വാങ്ങാൻ എത്തിയവരുടെ വാഹനങ്ങൾ നഗരത്തിലെ പല സ്ഥലങ്ങളിലും പാർക്കിംഗ് ചെയ്യാൻ സ്ഥലപരിമിതി കുറവായിരുന്നു. കൂടാതെ നഗരത്തിലെ ചാക്ക, പട്ടം, പൂജപ്പുര, തന്പാനൂർ, കിഴക്കേകോട്ട എന്നീ ഭാഗങ്ങളിലെ റോഡുകളിൽ നല്ല ഗതാഗത തിരക്ക് അനുഭവപ്പെട്ടിരുന്നു.
ട്രാഫിക് നിയന്ത്രിക്കാൻ പോലീസ് ഉണ്ടായെങ്കിലും വലിയ തിരക്കാണ് പൊതുനിരത്തുകളിൽ ഉണ്ടായത്. ഇതേ തുടർന്ന് വാഹനങ്ങൾക്ക് സാവധാനം മാത്രമാണ് മുന്നോട്ട്്് സഞ്ചരിക്കാൻ സാധിച്ചത്. ഉത്രാടദിവസമായ ഇന്നും വലിയ തിരക്കായിരിക്കും തലസ്ഥാന നഗരത്തിൽ അനുഭവപ്പെടാൻ സാധ്യത.