വിമാനത്താവള കരാർ തൊഴിലാളികളുടെ പണിമുടക്ക് പിൻവലിച്ചു
1451914
Monday, September 9, 2024 7:09 AM IST
തിരുവനന്തപുരം: എയർഇന്ത്യ സാറ്റ്സ് സംയുക്ത തൊഴിലാളി യുണിയന്റെ നേതൃത്വത്തിൽ വിമാനത്താവളത്തിലെ കരാർ തൊഴിലാളികൾ നടത്തിവന്ന പണിമുടക്ക് പിൻവിച്ചു. ശന്പള പരിഷ് കരണവും ബോണസ് വർധനവും നടപ്പിലാക്കാമെന്ന അധികൃതരുടെ ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചതെന്ന് സംഘടനകൾ അറിയിച്ചു. കഴിഞ്ഞ ദിവസം അർധരാത്രി മുതലാണ് പണിമുടക്ക് തുടങ്ങിയത്.
എയർഇന്ത്യ ഉൾപെടെയുള്ള വിമാനങ്ങളുടെ ലോഡിംഗ്-അണ്ലോഡിംഗ് ചെയ്തുവരുന്ന എയർ ഇന്ത്യ സാറ്റ്സ് തൊഴിലാളികൾക്ക് വർഷം തോറും 500 രൂപ വീതം കൂട്ടി നൽകാറുണ്ടായിരുന്നു. എന്നാൽ ഇ വർഷം ഇവർക്ക് ശബള വർധനവ് നൽകിയിരുന്നില്ല. ഇതിനു പുറമെ ബോണസ് തുക വെട്ടികുറക്കാൻ കൂടി അധികൃതർ ശ്രമിച്ചതോടെയാണ് 400 ഓളം വരുന്ന തൊഴിലാളികൾ പണിമുടക്ക് ആരംഭിച്ചത്.
ബോണസ് തുക കൂട്ടി നൽകണമെന്ന് ആവശ്യപെട്ട് കേന്ദ്ര ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ പലതവണ ചർച്ച നടത്തിയെങ്കിലും സാറ്റ്സ് അധികൃതർ ഇതിന് തയാറാകതെ വന്നതോടെയാണ് ജീവനക്കാർ പണിമുടക്കുമായി രംഗത്തെത്തിയത്.
ജോലിയിൽനിന്നും വിട്ടുനിന്ന ജീവനക്കാർ തിരുവനന്തപുരം ഇന്റർനാഷണൽ, ആഭ്യന്തര ടെർമിനലുകൾക്ക് മുന്നിൽ പ്രതിഷേധ സമരം നടത്തി. ഇതോടെ വിമാനങ്ങളിലേക്ക് യാത്രക്കാരുടെ ലഗേജുകളുടെ കയറ്റിറക്ക് അനിശ്ചിതത്വത്തിലായി. ഇതോടെ യാത്രക്കാർ വലഞ്ഞു. ലഗേജുകൾക്കായി മണിക്കൂറോളം വിമാനത്താവളത്തിൽ കാത്തുനിൽക്കേണ്ട സ്ഥിതി വന്നു. ഒരോ യാത്രക്ക് ശേഷവും വിമാനങ്ങൾ വൃത്തിയാക്കേണ്ട ശുചീകരണ ജീവനക്കാരും സമരത്തിൽ പങ്കാളികളായതോടെ മിക്ക വിമാന സർവീസുകളും വൈകി.
ഇതിനെ തുടർന്ന് വിമാനത്താവളത്തിന്റെ നടത്തിപ്പ് അവകാശമുള്ള അദാനി ഗ്രൂപ്പ് ജൂനിയർ ലേബർ ഓഫീസറുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ മുതൽ തൊഴിലാളി സംഘടന നേതാക്കളുമായി നടത്തിയ ചർച്ചയിൽ ശബള പരിഷ്ക്കരണവും ബോണസ് വർധനവും നടപ്പിലാക്കാമെന്ന് ഉറപ്പു നൽകിയതിനെ തുടർന്നാണ് സമരം അവസാനിച്ചത്.
സാറ്റ്സിലെ ജീവനക്കാർ പണിമുടക്കിയതിനെ തുടർന്ന് ബദൽ സംവിധാനം എന്ന നിലക്ക് വിമാനത്താവളത്തിന്റെ നടത്തിപ്പുകാർ ടെർമിനുള്ളിൽ ജീവനക്കാരെ ഉപയോഗിച്ച് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമങ്ങൾ നടത്തിയെങ്കിലും വിജയം കണ്ടില്ല. യാത്രക്കാരുടെ പ്രതിഷേധവും വിമാനങ്ങളുടെ വൈകലും വന്നതോടെയാണ് തൊഴിലാളുകളുടെ വിഷയത്തിൽ അധികൃതർ ചർച്ചക്ക് തയാറായത്.