വിനീത കൊലക്കേസ്: മകളുടെ മൃതദേഹം കാണാൻ ധൈര്യമില്ലായിരുന്നെന്ന് അമ്മ
1451632
Sunday, September 8, 2024 6:16 AM IST
തിരുവനന്തപുരം: മകളുടെ മൃതദേഹം കണ്ടു തിരിച്ചറിയാൻ പോലീസ് സംഭവ സ്ഥലത്ത് എത്തിച്ചപ്പോൾ ആ കാഴ്ച കാണാനുള്ള ധൈര്യം ഇല്ലാത്തതുകൊണ്ട് താൻ അവിടെ തളർന്ന് ഇരുന്നെന്ന് കൊല്ലപ്പെട്ട വിനീതയുടെ അമ്മ രാഗിണി കോടതിയിൽ മൊഴി നൽകി. പേരൂർക്കടയിലെ അലങ്കാരച്ചെടി വിൽപ്പന കേന്ദ്രത്തിൽ കൊല്ലപ്പെട്ട നെടുമങ്ങാട് കരിപ്പൂർ സ്വദേശിനി വിനീതയുടെ കൊലപാതകക്കേസ് വിചാരണ വേളയിലാണ് അമ്മ മൊഴി നൽകിയത്.
ഏഴാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി പ്രസൂണ് മോഹനനാണ് കേസ് പരിഗണിക്കുന്നത്. പലപ്പോഴും വിതുന്പികൊണ്ടാണ് രാഗിണി കോടതിയിൽ മൊഴി നൽകിയത്. തനിക്ക് മൃതദേഹം കാണാനുള്ള ധൈര്യം ഇല്ലാതിരുന്നപ്പോൾ മകൻ വിനോദ് മൃതദേഹം കണ്ടു തിരിച്ചറിഞ്ഞതായി രാഗിണി പറഞ്ഞു.
വിനീതയുടെ മൃതദേഹം കാണുന്പോൾ അവരുടെ മാല ഉണ്ടായിരുന്നില്ലെന്നു സഹോദരൻ വിനോദ് മൊഴി നൽകി. വിനീതയുടെ മൃതദേഹം താനാണ് ആദ്യം കണ്ടതെന്നും കടയുടമ തോമസ് മാമൻ കടയിൽ വിനീതയെ കാണാനില്ലെന്ന് പറഞ്ഞപ്പോൾ അയൽവീട്ടിൽ നിന്നെത്തിയ താനും പരിശോധനയിൽ പങ്കാളിയായി.
കടയിലെ കാർ ഷെഡിൽ ഫ്ളക്സ് ഷീറ്റിട്ടു മൂടിയ നിലയിൽ വിനീതയുടെ മൃതദേഹം കാണപ്പെട്ടെന്നും അപ്പോൾ വിനീത സ്ഥിരമായി ധരിച്ചിരുന്ന മാല ഉണ്ടായിരുന്നില്ലെന്നും സഹജീവനക്കാരി പാലോട് ആറ്റുമണൽ സ്വദേശിനി സുനിതയും മൊഴി നൽകി. വിനീതയുടെ കഴുത്തിലെ മാല കവരുന്നതിനായി പ്രതി കന്യാകുമാരി വള്ളമഠം സ്വദേശി രാജേന്ദ്രൻ വിനീതയെ കൊലപ്പെടുത്തിയെന്നാണ് കേസ്.
സംഭവ ദിവസം പ്രതി നഗരസഭയുടെ കീഴിൽ മുട്ടടയുള്ള കുളത്തിൽ കുളിക്കാൻ കഴിയുമോ എന്നു ചോദിച്ച് തന്നെ സമീപിച്ചതായി മുട്ടട അലപ്പുറം കുളത്തിനു സമീപം താമസിക്കുന്ന സിജിൻ ജേക്കബ് സക്കറിയ മൊഴി നൽകി. കുളത്തിന് സമീപത്തുനിന്നു സാക്ഷിയെ ഉള്ളൂരിൽ എത്തിച്ചതായി ഓട്ടോ റിക്ഷ ഡ്രൈവർ മുട്ടട സ്വദേശി ബൈജുവും മൊഴി നൽകി.