തിരുവിതാംകൂർ സഹകരണ സംഘം തട്ടിപ്പ് : നിക്ഷേപകർ വീട്ടിൽ വരുന്നത് തടയാൻ ആവശ്യപ്പെട്ട് ഹർജി
1451403
Saturday, September 7, 2024 6:35 AM IST
തിരുവനന്തപുരം: നിക്ഷേപകരെ കബളിപ്പിച്ചു പണം തട്ടിയെന്ന നിരവധി കേസുകളിൽ ഒന്നാം പ്രതിയും തിരുവിതാംകൂർ സഹകരണ സംഘത്തിന്റെ പ്രസിഡന്റുമായ ബിജെപി നേതാവ് എം.എസ്. കുമാർ നിക്ഷേപകർ തന്റെ വീട്ടിൽ കടന്നുവരുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി ഫയൽ ചെയ് തു.
ഹർജി പരിഗണിച്ച കോടതി എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ ഉത്തരവായി. ഏകപക്ഷീയമായ നിരോധന ഉത്തരവെന്ന ഹർജിക്കാരന്റെ വാദം പ്രിൻസിപ്പൽ മുൻസിഫ് ജി.എസ്. മിഥുൻ ഗോപി അംഗീകരിച്ചില്ല.
എം.എസ്. കുമാറും സംഘത്തിന്റെ ഡയറക്ടർ ബോർഡ് മെംബറും പാൽക്കുളങ്ങര കോഴിയോട്ട് ലെയിനിൽ ഗണഗീതത്തിൽ താമസക്കാരനുമായ എസ്. ഗണപതി പോറ്റിയും ചേർന്നാണു കോടതിയെ സമീപിച്ചത്. താൻ താമസിക്കുന്നതു മകൻ വില കൊടുത്തുവാങ്ങിയ വീട്ടിലാണെന്നാണു കുമാറിന്റെ വാദം. സംഘത്തിൽ ആകെ നിക്ഷേപമായ 41 കോടി രൂപയിൽ 20 കോടി രൂപയാണ് വായ്പയായി നൽകിയിട്ടുളളത്.
മുന്നൂറിലേറെ നിക്ഷേപകർക്കാണ് നിക്ഷേപം മടക്കി കിട്ടാനുളളത്. സഹകരണ വകുപ്പിന്റെ കണക്ക് പ്രകാരം 900 നിക്ഷേകർക്കു പണം നൽകാനുണ്ട്. ഫോർട്ട് പോലീസ് 25 കേസും മെഡിക്കൽ കോളജ് പോലീസ് മൂന്നു കേസുകളുമാണ് ഇതുവരെ എടുത്തിട്ടുള്ളത്.