നിരാംലംബര്‍ക്ക് ഓണവിരുന്നൊരുക്കി ലൂര്‍ദ് മാതാ കെയര്‍
1451139
Friday, September 6, 2024 7:19 AM IST
തിരുവനന്തപുരം: അഗതികളുടെ അമ്മയായ വിശുദ്ധ മദര്‍ തെരേസയുടെ തിരുനാള്‍ ദിനമായ ഇന്നലെ നിരാംലംബര്‍ക്ക് ഓണവിരുന്നൊരുക്കി ചങ്ങനാശേരി അതിരൂപതയുടെ കീഴില്‍ തിരുവനന്തപുരത്തു പ്രവര്‍ത്തിക്കുന്ന കാരുണ്യ ശുശ്രൂഷാ കേന്ദ്രമായ ലൂര്‍ദ് മാതാ കെയര്‍.
ഉള്ളൂര്‍ പിടിപി നഗറില്‍ പ്രവര്‍ത്തിക്കുന്ന ലൂര്‍ദ് മാതാ കാന്‍സര്‍ കെയര്‍ ഹോമില്‍ ഇന്നലെ ഒരുക്കിയ ഓണ വിഭവങ്ങള്‍ ചങ്ങനാശേരി അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ആശീര്‍വദിച്ചു. തിരുവനന്തപുരം ജില്ലയിലെ 35ൽ പരം കാരുണ്യ ഭവനങ്ങളിലെയും അഞ്ച് സര്‍ക്കാര്‍ ആശുപത്രികളിലെയും രോഗികള്‍ക്കായാണ് ലൂര്‍ദ് മാതാ കെയര്‍ ഇന്നലെ ഓണസദ്യയൊരുക്കിയത്.
ലൂര്‍ദ് മാതാ കാന്‍സര്‍ കെയര്‍ ഹോമും തിരുവനന്തപുരം ഫൊറോന മാതൃ-പിതൃ വേദിയും സംയുക്തമായാണ് "കാരുണ്യോത്സവം' എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്.
നഗരത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഏഴായിരത്തോളം പേര്‍ക്ക് ഓണസദ്യ നല്കാനായതില് സന്തോഷമുണ്ടെന്ന് ലൂര്‍ദ് മാതാ കെയര്‍ ഡയറക്ടര്‍ ഫാ. മോബന്‍ ചൂരവടി പറഞ്ഞു.