മേടച്ചൂടിലുരുകി നെയ്യാറ്റിന്‍കര: കുടിവെള്ളത്തിനായി നെട്ടോട്ടം
1417181
Thursday, April 18, 2024 6:34 AM IST
നെയ്യാറ്റിന്‍കര: വേനൽ കടുത്ത തോടെ നെയ്യാറ്റിന്‍കരയിലും സമീപ പ്രദേശങ്ങളിലും കുടിവെള്ളത്തിനായി നെട്ടോട്ടമോടി പ്ര ദേശവാസികൾ. കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട അപാകതകളെച്ചൊല്ലി അധികൃതര്‍ക്കെതിരെ ആക്ഷേപം ശക്തം.
നെയ്യാറില്‍ വെള്ളത്തിന്റെ തോതു കുറവായ സാഹചര്യത്തിൽ മേഖലയിലെ ചിലയിടങ്ങളില്‍ കിണറുകളിലും വെള്ളം കുറഞ്ഞിട്ടുണ്ട്. വാട്ടര്‍ അഥോറിറ്റിയുടെ കുടിവെള്ള വിതരണത്തില്‍ നേരത്തെ തന്നെ വ്യാപകമായ പരാതിയുണ്ട്. നഗരസഭ പ്രദേശങ്ങളിലെ വാര്‍ഡുകളില്‍ പോലും ദിവസവും ജലവിതരണം നടക്കാറില്ലെന്നാണ് ആരോപണം.
എട്ടു ദിവസത്തിലൊരിക്കലാണ് ചിലയിടത്ത് കുടിവെള്ള വിതരണം നടക്കുന്നത്. ആലംപൊറ്റ വാര്‍ഡില്‍ ടാങ്കറില്‍ കുടിവെള്ള വിതരണം ആരംഭിച്ചിട്ടുണ്ട്. മരുതത്തൂര്‍ വാര്‍ഡിൽ കുടിവെള്ള വിതരണം കൃത്യമായി നടക്കാറില്ലെന്നും പരാതിയുണ്ട്.
മരുതത്തൂർ, ചായ്ക്കോട്ടുകോണം, വെൺകുളം ഭാഗങ്ങളിൽ വാട്ടർ അഥോറിറ്റിയുടെ കുടിവെള്ള വിതരണം ആറു ദിവസത്തിലൊരിക്കലായി പരിമിതപ്പെടുത്തിയെന്ന് ആരോപിച്ച് ബിജെപി കൗണ്‍സിലര്‍മാര്‍ ഈയിടെ നെയ്യാറ്റിൻകര വാട്ടർ അഥോറിറ്റിയുടെ എക്സിക്യൂട്ടീവ് എൻജിനീയര്‍ ഓഫീസില്‍ പ്രതിഷേധ സമരം നടത്തിയിരുന്നു.
മറ്റൊരു പ്രധാന വിഷയം കുടിവെള്ള വിതരണ പൈപ്പുകളിലെ ചോര്‍ച്ചയാണ്. പൈപ്പ് പൊട്ടി ലിറ്റര്‍ കണക്കിനു കുടിവെള്ളം പാഴാകുന്നത് നെയ്യാറ്റിന്‍കരയിലെ പതിവു കാഴ്ചയാണ്. പൈപ്പ് പൊട്ടിയാലും അറ്റകുറ്റപ്പണികള്‍ യഥാസമയം ചെയ്യുന്നില്ലെന്നും ആക്ഷേപമുണ്ട്.
കൊല്ലയില്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഗാന്ധിമിത്രമണ്ഡലം കൊല്ലയില്‍ ഉപസമിതി പ്രവര്‍ത്തക സമ്മേളനം ആവശ്യപ്പെട്ടു.
നെയ്യാര്‍ ഡാമില്‍ നിന്നുള്ള ഇടതുകര കനാലിലെ ജലം അധികൃതരുടെ അനാസ്ഥയാല്‍ നടൂര്‍ക്കൊല്ല വലിയ തോടിലൂടെ നെയ്യാറിലേയ്ക്ക് ഒഴുകുകയാണ്. യഥാര്‍ഥത്തില്‍ ഈ വെള്ളം മരുതത്തൂര്‍ ചാനലിയേക്കും കൈവഴികളിലേക്കും എത്തേണ്ടതാണ്. വെള്ളം എത്താത്തതിനാല്‍ പദ്ധതി പ്രദേശങ്ങളായ മാങ്കോട്ടുകോണം, പാലപ്പള്ളി, പെരുന്പോട്ടുകോണം, നടൂര്‍ക്കൊല്ല, ഓണംകോട്, കുളത്താമല്‍, കൊടവിളാകം, ചായ്ക്കോട്ടുകോണം മുതലായവിടങ്ങളിലെ കിണറുകളില്‍ പലതിലും ഈ വേനലില്‍ വരണ്ടുതുടങ്ങി.
ഒരു കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ച് കുടിവെള്ളം ശേഖരിക്കേണ്ട അവസ്ഥയാണിവിടങ്ങളിലെന്നും ഗാന്ധിമിത്രമണ്ഡലം പ്രവര്‍ത്തകര്‍ പറയുന്നു. ജലസേചന വകുപ്പ് മന്ത്രിക്ക് ഇതു സംബന്ധിച്ച നിവേദനം നല്‍കിയതായും ഉപസമിതി ഭാരവാഹികള്‍ അറിയിച്ചു.