തെക്കന്‍ കുരിശുമല മഹാതീര്‍ഥാടനം: എഡിഎം അവലോകന യോഗം നടത്തി
1394720
Thursday, February 22, 2024 5:46 AM IST
വെള്ളറട: രാജ്യാന്തര തീര്‍ഥാടന കേന്ദ്രമായ തെക്കന്‍ കുരിശുമല യിലെ 67-ാമത് മഹാതീര്ഥാടനത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലാ അഡീഷണല്‍ മജിസ്ട്രേറ്റ് സി. പ്രേംജി ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തു.
സംഗമ വേദിയില്‍ നടന്ന യോഗം സി.കെ. ഹരീന്ദ്രന്‍ എംഎല് എ ഉദ്ഘാടനം ചെയ്തു. കുരിശുമല ഡയറക്ടര്‍ മോണ്‍. ഡോ. വിന്‍സന്റ് കെ. പീറ്റര്‍ ആമുഖ പ്രസംഗം നടത്തി. തീര്‍ഥാടനത്തിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടതായ ക്രമീകരണങ്ങള്‍ നടത്തുവാന്‍ വകുപ്പ് മേധാവികള്‍ക്ക് എഡിഎം നിര്‍ദേശം നല്കി.
വേനല്‍ക്കാലവും പൊതുപരീക്ഷകളുടെ സമയവും ആയതിനാല്‍ രാത്രികാല തിരക്ക് കൂടുവാന്‍ സാധ്യതയുള്ളതായി യോഗം വിലയിരുത്തി. ആയതിനാല്‍ പോലീസിന്റേയും വോളന്റിയേഴ്സിന്റേയും സേവനം കാര്യക്ഷമമാക്കും. കുടിവെള്ള ലഭ്യത ഉറപ്പു വരുത്തുവാന്‍ നടപടികള്‍ സ്വീകരിക്കും. തീര്‍ഥാടന ദിവസങ്ങളില്‍ പോലീസിന്റെ നൈറ്റ് പട്രോളിംഗ് ശക്തമാക്കും.
ഗതാഗത കുരുക്കുകള്‍ നിയന്ത്രിക്കുന്നതിനും പാര്‍ക്കിംഗ് സൗകര്യം മെച്ചപ്പെടുത്തുന്നതിനും നടപടികള്‍ സ്വീകരിക്കും. മുഴുവന്‍ സമയവും മെഡിക്കല്‍ സംഘങ്ങളുടെ സേവനം ഉറപ്പ് വരുത്തും. ഫയര്‍ സര്‍വീസ് യൂണിറ്റ് മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും. കേടായ റോഡുകളുടെ അറ്റകുറ്റ പണികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കും.
ഭക്ഷ്യ സുരക്ഷവകുപ്പിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും. പോലീസ്, എക്സൈസ്, ട്രാന്‍സ്പോര്‍ട്ട്, മെഡിക്കല്‍, വൈദ്യുതി, റവന്യൂ, അഗ്നിശമന സേന, ജലവിഭവം, പൊതുമരാമത്ത്, മോട്ടോര്‍ വാഹനവകുപ്പ്,
ലേബര്‍ ഓഫീസ്, ഭക്ഷ്യ സുരക്ഷാ എന്നീ വകുപ്പുകളുടെ ഉദ്യോഗസ്ഥരും ത്രിത ല പഞ്ചായത്തുകളി ലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. വെളളറട പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജയന്തി സ്വാഗതവും ഫാ. കിഷോര്‍ നന്ദിയും പറഞ്ഞു.