രണ്ടായിരത്തിൽപരം കുട്ടികളുടെ വ്യക്തിഗത മാഗസിനുമായി ലയോള സ്കൂൾ
1394085
Tuesday, February 20, 2024 4:01 AM IST
ശ്രീകാര്യം: എഴുത്തുമുറികളിൽ കുത്തിക്കുറിക്കപ്പെട്ട കവിതകളും കഥകളും ലേഖനങ്ങളും വരച്ചുകൂട്ടിയ ചിത്രങ്ങളുമായി സർഗവസന്തം തീർത്ത് ലയോള സ്കൂൾ വിദ്യാർഥികൾ. മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി പ്രകാശനം നിർവഹിച്ച രണ്ടായിരത്തിൽപരം വിദ്യാർഥികളുടെ വ്യക്തിഗത മാഗസിൻ അക്ഷരാർഥത്തിൽ സർഗാത്മകതയുടെ സംഗമവേദിയായി. സ്കൂളിലെ ഒന്നു മുതൽ പതിനൊന്നാം ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർഥികളും ഇതിന്റെ ഭാഗമായി.
ലയോള സ്കൂളിലെ എല്ലാ സ്റ്റാഫ് അംഗങ്ങളുടെയും സർഗസൃഷ്ടികൾ ഉൾപ്പെടുത്തിക്കൊണ്ട് തയാറാക്കിയ ഇൻസൈറ്റ് എന്ന മാഗസിനിന്റെയും ഓണ്‍ലൈൻ മാഗസിനായ ലെൻസിന്റെ അച്ചടിച്ച കോപ്പികളുടെ പ്രകാശനവും മുഖ്യാതിഥി നിർവഹിച്ചു.
ചടങ്ങിൽ സ്കൂൾ മാനേജർ ഫാ. സണ്ണി കുന്നപ്പള്ളിൽ എസ്ജെ, ഐസിഎസ്ഇ സ്കൂൾ പ്രിൻസിപ്പൽ ഫാ. സാൽവിൻ അഗസ്റ്റിൻ എസ്ജെ, സിബിഎസ്ഇ സ്കൂൾ പ്രിൻസിപ്പൽ ഫാ. റോയ് അലക്സ് എസ്ജെ എന്നിവർ പങ്കെടുത്തു. വിദ്യാർഥികളായ മാനവ് എ. രഞ്ജിത്ത് സ്വാഗതവും പി.എൻ. റൈസുദീൻ നന്ദിയും പറഞ്ഞു.