ദുരന്തം: വിശദീകരണവുമായി കുസാറ്റ്
1374402
Wednesday, November 29, 2023 6:47 AM IST
കൊച്ചി: കുസാറ്റിലെ സ്കൂള്‍ ഓഫ് എന്‍ജിനിയറിംഗ് സംഘടിപ്പിച്ച ടെക്ഫെസ്റ്റില് നികിത ഗാന്ധിയെപ്പോലെ പുറമെ നിന്നുളള സെലിബ്രിറ്റികള്‍ അവതരിപ്പിക്കുന്ന വലിയ മ്യൂസിക്കല്‍ പ്രോഗാമാണ് നടക്കാന്‍ പോകുന്നതെന്ന് സംഘാടക സമിതി ഔദ്യോഗികമായി അറിയിച്ചിരുന്നില്ലെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ വിശദീകരണം.
പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പരിപാടിയുടെ തലേന്ന് നല്കിയ കത്തില്‍ പോലും പ്രിന്‍സിപ്പല്‍ ഇക്കാര്യം പറഞ്ഞിരുന്നില്ല. അപ്രകാരം ഒരറിയിപ്പ് സംഘാടകസമിതി ഔദ്യോഗികമായി സര്‍വകലാശാലയ്ക്ക് നല്കിയിരുന്നെങ്കില് നിബന്ധനകള്‍ക്ക് വിരുദ്ധമായതിനാല്‍ അനുമതി നല്കുന്ന സാഹചര്യം പോലും ഉണ്ടാകുമായിരുന്നില്ലെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
ധിഷ്ണ 2023 ന്റെ നടത്തിപ്പിനായി സ്കൂള്‍ ഓഫ് എന്‍ജിനീയറിംഗില്‍ പ്രിന്‍സിപ്പല്‍ ചെയര്‍മാനായും അധ്യാപകവിദ്യാര്‍ഥി പ്രതിനിധികള്‍ അംഗങ്ങളുമായി രൂപവത്കരിക്കപ്പെട്ട സംഘാടക സമിതി അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷ പരിഗണിച്ച് കേരള ഹൈക്കോടതിയുടെ 2015 ലെ നിര്‍ദേശ പ്രകാരം സര്‍വകലാശാല പുറപ്പെടുവിച്ച ഉത്തരവിലെ നിബന്ധനകള്‍ക്കനുസരിച്ച് ധിഷ്ണയും അതിന്റെ ലോഗോ ലോഞ്ചും നടത്തുന്നതിന് ഓഗസ്റ്റില്‍ സര്‍വകലാശാല തത്വത്തില്‍ അംഗീകാരം നല്കി.
ഈ നിബന്ധനകളില്‍ 12-ാമത്തേത് പുറമേ നിന്നുളള ഗാനമേളകളോ പ്രഫഷണല്‍ ഗാനമേളകളോ നടത്താന്‍ പാടില്ല എന്നുള്ളതാണ്. അധ്യാപകരുടെ മേല്‍നോട്ടത്തിലായിരിക്കണം പരിപാടികള്‍ നടത്തേണ്ടതെന്നും സര്‍വകലാശാല നിര്‍ദേശം നല്‍കിയിരുന്നു.
സംഘാടക സമിതി നല്കിയ മ്യൂസിക് പരിപാടിയുടെ അപേക്ഷയോടൊപ്പമുണ്ടായിരുന്ന ബ്രോഷറില്‍ സ്കൂള്‍ ഓഫ് എന്‍ജിനീയറിംഗിലെ പ്രതിഭാധനരായ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന സംഗീത പരിപാടി ഉണ്ടായിരിക്കും എന്നാണ് കാണിച്ചിരുന്നത്.
അപകടം നടന്ന ദിവസത്തിന് മുന്പുളള ദിവസവും അത്തരം ഒരു സംഗീത പരിപാടി ധിഷ്ണയുടെ ഭാഗമായി സ്കൂള്‍ ഓഫ് എന്‍ജിനീയറിംഗ് കാമ്പസില്‍ നടത്തിയിരുന്നു. എന്നാല്‍ നിബന്ധനയ്ക്ക് വിരുദ്ധമായി വലിയ മ്യൂസിക്കല്‍ പ്രോഗാമാണ് നടക്കാന്‍ പോകുന്നതെന്ന് സംഘാടക സമിതി ഔദ്യോഗികമായി അറിയിച്ചിരുന്നില്ല. കാമ്പസില്‍ ഇത്തരം പരിപാടികള്‍ നടക്കുമ്പോള്‍ സാധാരണ ചെയ്യാറുള്ളതുപോലെ സര്‍വകലാശാലയ്ക്ക് സംഘാടക സമിതി നല്‍കിയിരുന്ന പ്രോഗ്രാം നോട്ടീസ് വിവരങ്ങള്‍ സെക്യൂരിറ്റി ഓഫീസര്‍ വഴി പോലീസ് സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിരുന്നു.
ഇതുപോലുള്ള സാഹചര്യങ്ങളില്‍ സാധാരണ ഒരുക്കാറുള്ള സുരക്ഷാ മുന്‍കരുതലുകള്‍ എല്ലാം സര്‍വകലാശാല സ്വീകരിച്ചിരുന്നു. സംഘാടക സമിതി നിയോഗിച്ച വിദ്യാര്‍ഥി വോളണ്ടിയര്‍മാരാണ് ഓഡിറ്റോറിയത്തിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചിരുന്നത്. പോലീസിന്റെയും സര്‍വകലാശാല സെക്യൂരിറ്റി വിഭാഗത്തിന്റെയും സാന്നിധ്യം ദൃശ്യങ്ങളില്‍ വ്യക്തമാണെന്നുംഅധികൃതര് പത്രക്കുറിപ്പില്‍ വ്യക്തമാക്കി.