മഴ കനക്കുന്നു നഗരത്തിൽ ഫയർഫോഴ്സിന് തിരക്കിട്ട ദിനം; നിരവധി സ്ഥലങ്ങളിൽ മരംവീണു, ഒരിടത്ത് കാർ കത്തി
1339305
Saturday, September 30, 2023 12:21 AM IST
പേരൂർക്കട: ശക്തമായ മഴ തുടർന്ന വെള്ളിയാഴ്ച ഫയർഫോഴ്സിന് തിരക്കിട്ട ദിനമായി. രാവിലെ 10 മുതൽ വൈകുന്നേരം വരെ 15 ഓളം ഫോൺ കോളുകളാണ് ഓഫീസിൽ ലഭിച്ചത്.
രാവിലെ 10ന് പാങ്ങോട് ചിത്ര നഗറിൽ തണൽമരം വീണു ഗതാഗത തടസം ഉണ്ടായി.11ന് കുഞ്ചാലുംമൂട്ടിൽ നിരവധി വീടുകളിൽ വെള്ളം കയറി. ഫയർഫോഴ്സ് ബോട്ട് എത്തിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഈ ഭാഗത്തെ നിരവധി വീടുകൾ ഇപ്പോഴും വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഉച്ചയ്ക്ക് 12ന് തമ്പാനൂർ രാജാജി നഗർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്ക് എത്തിയ രോഗിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുന്നതിനും ഫയർഫോഴ്സിന്റെ സേവനം പ്രയോജനപ്പെടുത്തി.
ഉച്ചയ്ക്ക് 2.30ന് പട്ടം പ്ലാമൂട് ഭാഗത്ത് മരം വീണു ഗതാഗതം പൂർണമായി തടസപ്പെട്ടു. പട്ടം എസ്യുടി റോയൽ ആശുപത്രിയിൽ പാർക്ക് ചെയ്തിരുന്ന കാറിനു തീപിടിച്ചു. എസിയിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടായിരുന്നു കാരണം. തീപിടുത്തത്തിൽ വാഹനത്തിന്റെ ബോണറ്റിന്റെ ഭാഗം പൂർണമായി കത്തി നശിച്ചു.
തിരുവനന്തപുരം ഫയർ സ്റ്റേഷൻ ഓഫീസിൽ നിന്ന് സ്റ്റേഷൻ ഓഫീസർമാരായ രാമമൂർത്തി, അനീഷ് കുമാർ, സ്റ്റേഷൻ ഓഫീസർ ജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.
നെയ്യാറ്റിൻക്കര ഗവ.ഹയർ സെക്കൻഡറി സ്ക്കൂളിന്റെ മതിലിടിഞ്ഞു
നെയ്യാറ്റിന്‍കര: കനത്ത മഴയില്‍ നെയ്യാറ്റിന്‍കര ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ മതിലിടിഞ്ഞ.ു ഇന്നലെ ഉച്ചയോടെയാണ് സ്കൂളിന്റെ പിന്‍വശത്തെ മതില് ഇടിഞ്ഞു വീണത്. എസ്എന്‍ഡിപിയുടെ ഓഫീസും അനുബന്ധ കെട്ടിടങ്ങളും ഈ ഭാഗത്ത് സ്ഥിതി ചെയ്യുന്നു.
ശക്തിയോടെ ഒലിച്ചെത്തിയ മഴവെള്ളത്തില്‍ മതില് ദുര്‍ബലമായി നിലംപതിക്കുകയാണുണ്ടായത്. ശക്തമായ മഴയില്‍ പ്ലാമൂട്ടുക്കടയ്ക്കു സമീപം റോഡിലേയ്ക്ക് മരം കടപുഴകി വീണു. ആര്‍ക്കും അപകടമുണ്ടായില്ല. നെയ്യാറ്റിന്‍കര അഗ്നിസമന സെനയെത്തി മരം നീക്കം ചെയ്താണ് ഗതാഗതം പുന സ്ഥാപിച്ചത്.
നെയ്യാറ്റിൻക്കരയിലെ ഗ്രാമീണ റോഡുകളിലെ കുഴികളില്‍ വെള്ളം നിറഞ്ഞിട്ടുണ്ട്. ചിലയിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. നെയ്യാറില്‍ ഒഴുക്ക് വര്‍ധിച്ചതായി തദ്ദേശവാസികളും പറയുന്നു. മഴ തോരാതെ തുടര്‍ന്നാല്‍ വാഴ, പച്ചക്കറികള്‍ മുതലായവയെ ബാധിച്ചേക്കാമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.