കുറ്റിച്ചലിൽ മാലിന്യ സംസ്കരണ പ്ലാന്റ് പദ്ധതി ഉപേക്ഷിക്കുന്നു
1245820
Sunday, December 4, 2022 11:45 PM IST
കാട്ടാക്കട : കുറ്റിച്ചൽ പഞ്ചായത്തിലെ കള്ളിയൽ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കുന്നു. ഇത് സംബന്ധിച്ച് നിർദേശം ജില്ലാ കളക്ടർ അധികൃതർക്ക് കൈമാറി. ആറു മാസം മുന്പ് പഞ്ചായത്ത് ഭരണ സമിതി പദ്ധതിക്ക് അനുമതി നൽകിയിരുന്നു.
തുടർന്ന് പദ്ധതി പ്രദേശത്തെ ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുന്നോടിയായി ഭൂമി നിരപ്പാക്കിയിരുന്നു. പദ്ധതിയെ സംബന്ധിച്ച് ആവശ്യമായ പഠനങ്ങളും വനത്തോട് ചേർന്ന പ്രദേശത്ത് പരിസ്ഥിതി മലിനീകരണം ഉൾപ്പെടെ ഉണ്ടാകുമോ എന്നത് സംബന്ധിച്ച വിശദമായ പരിശോധന ഇല്ലാതെ പഞ്ചായത്ത് ഭരണസമിതി പദ്ധതിക്ക് അനുമതി നൽകിയത് വിവാദമായിരുന്നു.
തുടർന്ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശുചിത്വ മിഷൻ ഉദ്യോഗസ്ഥരും കോഴി മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിന് അനുമതി തേടിയ സ്വകാര്യവ്യക്തികളും ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കന്മാരും സംബന്ധിച്ചു.
യോഗത്തിൽ പ്ലാന്റ് സ്ഥാപിച്ചാൽ ഉണ്ടാകാൻ പോകുന്ന ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ അടക്കമുള്ള ഭവിഷ്യത്തുകളെ കുറിച്ച് കളക്ടറെയും ശുചിത്വമിഷൻ അധികാരികളെയും ബോധ്യപ്പെടുത്തി.
ഇതിന്റെ അടിസ്ഥാനത്തിൽ കോഴി മാലിന്യ സംസ്കരണ പ്ലാന്റ് കുറ്റിച്ചൽ ആരംഭിക്കില്ലെന്ന് കളക്ടർ ഉറപ്പുനൽകുകയായിരുന്നു.
പ്ലാന്റിനെതിരായ ശക്തമായ ജനവികാരം ഉള്ളതിനാൽ പദ്ധതി സ്ഥാപിക്കില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജി മണികണ്ഠനും യോഗത്തിൽ ഉറപ്പുനൽകി.