വീസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: പ്രതി അറസ്റ്റിൽ
1226384
Friday, September 30, 2022 11:26 PM IST
തിരുവനന്തപുരം: വീസ വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ പ്രതി അറസ്റ്റിൽ. ഇടുക്കി സ്വദേശി അൽ അമീനിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്ത മുദാക്കൽ പൊയ്കമുക്കിൽ രതീഷ് (40) നെയാണ് മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തത്. വിവിധ സ്ഥലങ്ങലിൽ ഒരു സ്ത്രീക്കൊപ്പം വീട് വാടകയ്ക്കെടുത്ത് അബുദാബിയിലും മറ്റ് എയർപോർട്ടുകളിലും ഉയർന്ന ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തുകയായിരുന്നു.
വീസക്കുവേണ്ടി സമീപിക്കുന്നവരെ വ്യാജ വിസയും, വ്യാജ ഓഫർ ലെറ്ററും കാണിച്ച് മുദ്രപത്രത്തിൽ എഗ്രിമെന്റ് എഴുതിയശേഷം പണം വാങ്ങി മുങ്ങുന്നതാണ് പ്രതിയുടെ രീതിയെന്ന് പോലീസ് പറഞ്ഞു.
തിരുവനന്തപുരം, ഇടുക്കി ജില്ലകളിലാണ് കൂടുതൽ തട്ടിപ്പ് നടത്തിയതെന്നും പ്രതിയുടെ പേരിൽ ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ കള്ളനോട്ട് കേസും നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
പ്രതി പന്തളത്ത് ഒളിവിൽ താമസിച്ച് വരുന്നതായി റൂറൽ ജില്ലാ പോലീസ് മേധാവി ഡി.ശിൽപ്പയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മംഗലപുരം എസ്എച്ച്ഒ എച്ച്.എൽ.സജീഷ്, എസ്ഐമാരായജയൻ, ഫ്രാങ്ക്ളിൻ, സിപിഒ ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.