നെന്മാറ: രാപ്പകൽ ഭേദമില്ലാതെ അയിലൂർ, വണ്ടാഴി പഞ്ചായത്തുകൾ അതിരിടുന്ന ഒലിപ്പാറ മേഖലയിൽ മോഴയാന ഭീതി പരത്തുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിലായി ഒലിപ്പാറ, നേർച്ചപ്പാറ, പുത്തൻചള്ള, മണലൂർ ചള്ള തുടങ്ങിയ പ്രദേശങ്ങളിലാണ് ജനവാസ കാർഷിക മേഖലയിൽ മോഴയാന വ്യാപക നാശം വിതച്ചത്.
തൊമ്മിച്ചൻ, ഷിജു, ദേവസിക്കുട്ടി, കേശവൻ, ജോർജ്, പൗലോസ് കണ്ടംവീട്ടിൽ തുടങ്ങിയ കർഷകരുടെ കൃഷിയിടങ്ങളിലും വീട്ടുവളപ്പുകളിലുമായി വാഴ, കമുക്, തെങ്ങ്, ഫലവൃക്ഷങ്ങൾ എന്നിവ വ്യാപകമായി നശിപ്പിച്ചു.
വൈകുന്നേരം നാലു കഴിഞ്ഞാൽ വനമേഖലയിൽ നിന്നിറങ്ങുന്ന മോഴയാനയെ രാവിലെ വനം ജീവനക്കാരെത്തി പടക്കം പൊട്ടിച്ച് എട്ടുമണിക്ക് ശേഷമാണ് കൃഷിയിടങ്ങളിൽ നിന്ന് തുരത്തുന്നത്.
പ്രദേശത്തുനിന്ന് മോഴയാനയെ മറ്റൊരു സ്ഥലത്തേക്ക് മയക്കുവെടിവെച്ച് പിടിച്ചു മാറ്റാൻ വനംവകുപ്പ് നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് മെംബർ കെ. എ. മുഹമ്മദ് കുട്ടി ആവശ്യപ്പെട്ടു.
കർഷകസംഘടനയായ കിഫ ഭാരവാഹികളായ ബിനു തോമസ്, അനീഷ് കണ്ണമ്പാട്, ജോണി തെക്കുംകാട്ടിൽ, സിബി സക്കറിയ എന്നിവർ നാശനഷ്ടം ഉണ്ടായ കൃഷിസ്ഥലങ്ങൾ സന്ദർശിച്ചു നാശനഷ്ടം വിലയിരുത്തി. അധികൃതരുടെ നിസംഗ നടപടിയിൽ പ്രതിഷേധിക്കുകയും ചെയ്തു.