കൊല്ലം: വൈദ്യുതി ബോർഡിലെ ട്രേഡ് യൂണിയനുകളുടേയും ഓഫീസർമാർ, പെൻഷൻകാർ, കരാർ ജീവനക്കാർ എന്നിവരുടെ സംയുക്ത സമര സംഘടനയായ എൻസിസിഒഇഇഇ (നാഷണൽ കോ-ഓർഡിനേഷൻ ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയിസ് ആന്ഡ് എൻജിനീയേഴ്സ്) ആഭിമുഖ്യത്തിൽ കൊല്ലം പവർ ഹൗസിന് മുന്നിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
കമ്പനിവത്കരണ നടപടികളുടെ ഭാഗമായി രൂപംകൊണ്ട ത്രികക്ഷി കരാറിൽ നിന്ന് സംസ്ഥാന സർക്കാർ ഒഴിവായി സെപ്റ്റംബർ ആറിലേയും മാസ്റ്റർ ട്രസ്റ്റിലേക്ക് ഇലക്ട്രിസിറ്റി ഡ്യൂട്ടി നൽകുന്നത് നിർത്തലാക്കി കൊണ്ടുള്ള 2023 നവംബർ ഒന്നിലേയും പവർ സെക്രട്ടറിയുടെ ഉത്തരവുകൾ പിൻവലിക്കുക, മാസ്റ്റർട്രസ്റ്റ് വിഷയത്തിൽ ജീവനക്കാരുടേയും പെൻഷൻകാരുടേയും സംഘടനകളുമായി സർക്കാർ ചർച്ചയ്ക്ക് തയാറാകുക, വേതന പരിഷ്ക്കരണ കരാറുകൾക്ക് അംഗീകാരം നൽകുക,
2022 മുതൽ കുടിശികയായ ക്ഷാമബത്തയും ക്ഷാമാശ്വാസവും വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധപ്രകടനവും യോഗവും നടത്തിയത്.
സംസ്ഥാനത്തൊട്ടാകെ സെക്ഷൻ ഓഫീസുകൾ കേന്ദ്രീകരിച്ച് നടത്തിയ സമരങ്ങളുടെ ഭാഗമായാണ്പ്രതിഷേധ സമരം നടത്തിയത്.പ്രതിഷേധ സമരം വർക്കേഴ്സ് അസോസിയേഷൻ -സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് സാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ശ്രീകുമാരിയമ്മ ഉദ്ഘാടനം ചെയ്തു.
വർക്കേഴ്സ് ഫെഡറേഷൻ ഡിവിഷൻ സെക്രട്ടറി ബിജു, പവർ വർക്കേഴ്സ് കോൺഗ്രസ് സംസ്ഥാന വനിതാ വിഭാഗം സെക്രട്ടറി ഷീബാതമ്പി, ഓഫിസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി അനിൽ പ്രസാദ്, ഓഫീസേഴ്സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റി അംഗം വിനു സി. ശേഖർ, പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് രമാഭായി എന്നിവർ പ്രസംഗിച്ചു.
വിവിധ സംഘടനകളെ പ്രതിനിധികരിച്ച് ആശാദേവി, ആന്റണി, ശശികല, ജൂഡി, ലാൽ പ്രകാശ്, ശ്യാംകുമാർ, പ്രസന്നകുമാരി എന്നിവർ പ്രകടനത്തിനും യോഗത്തിനും നേതൃത്വം നൽകി.