അഞ്ചൽ: അലയമൺ പഞ്ചായത്ത് ഹരിത പ്രഖ്യാപനവും മാലിന്യമുക്ത നവകേരള ജനകീയ കാമ്പയിന്റെ ഭാഗമായ ഒന്നാം ഘട്ട പ്രവർത്തനങ്ങളുടെ പ്രഖ്യാപനവും നടന്നു. മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.
കരുകോൺ സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എം. ജയശ്രീ അധ്യക്ഷത വഹിച്ചു. മാലിന്യ മുക്ത നവകേരളപദ്ധതിയുടെ ഭാഗമായി മാലിന്യ നിർമാർജനത്തിനും ശുചിത്വത്തിനുമായി വലിയ ഇടപെടലാണ് സർക്കാർ നടത്തുന്നതെന്നും ഇത്തരം പ്രവർത്തനങ്ങളിൽ അലയമൺ പഞ്ചായത്ത് മുൻ പന്തിയിലാണന്നും മന്ത്രി പറഞ്ഞു.
പഞ്ചായത്തിൽ മാലിന്യ സംസ്ക്കരണത്തിന് മികച്ച പ്രവർത്തനം നടത്തുന്ന സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, എന്നിവയ്ക്കുള്ള ഹരിത സർട്ടിഫിക്കറ്റുകൾ മന്ത്രി വിതരണം ചെയ്തു. കുടുക്കത്തു പാറ ഇക്കോ ടൂറിസത്തെ ഹരിത ടൂറിസം കേന്ദ്രമായി മന്ത്രി പ്രഖ്യാപിച്ചു.
വൈസ് പ്രസിഡന്റ് ജി. പ്രമോദ്, സ്ഥിരംസമിതി അധ്യക്ഷൻമാരായ എം. മുരളി, ഗീതകുമാരി, മിനി ഡാനിയേൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം. മനീഷ്, പഞ്ചായത്ത് അംഗങ്ങളായ അമ്പിളി, ശോഭന, ഹസീന മനാഫ്, സെക്രട്ടറി ബിജു കുമാർ, ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ, സ്ഥാപന മേധാവികൾ തുടങ്ങിയവർ പ്രസംഗിച്ചു.