കൊല്ലം: കൊല്ലത്ത് പുതിയ സിജിഎച്ച്എസ് വെല്‍നസ് സെന്റര്‍ ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്കി. കേന്ദ്ര സർക്കാർ ജീവനക്കാർ, വിരമിച്ച ജീവനക്കാർ തുടങ്ങിയവർക്ക് സൗജന്യ നിരക്കിൽ ചികിത്സ ലഭ്യമാക്കുന്ന കേന്ദ്രമാണ്.
കൊല്ലം, പത്തനംതിട്ട, അടൂര്‍, ചങ്ങനാശേരി, തിരുവല്ല, കരുനാഗപ്പളളി, ശാസ്താംകോട്ട, ഹരിപ്പാട്, കല്ലമ്പലം, ചാത്തന്നൂര്‍, പുനലൂര്‍, അഞ്ചല്‍, കൊട്ടാരക്കര, കൊല്ലം ജില്ലയിലെ കിഴക്കന്‍ മേഖല തുടങ്ങി വിവിധ പ്രദേശങ്ങളിലെ ആയിരക്കണക്കിന് ഗുണഭോക്താക്കള്‍ക്ക് പ്രയോജനം ചെയ്യുന്നതാണ് പുതിയ വെല്‍നെസ് സെന്റര്‍.
നിലവില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നീ നാല് ജില്ലകളിലാണ് സിജിഎച്ച്എസ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്.
കൊല്ലത്ത് വെല്‍നസ് സെന്റര്‍ ആരംഭിക്കുന്നതോടെ ദീര്‍ഘദൂരം യാത്ര ചെയ്ത് എറണാകുളത്തും തിരുവനന്തപുരത്തും ചികിത്സാ സഹായം തേടി പോകുന്ന ഗുണഭോക്താകള്‍ക്ക് യാത്ര ലാഭിക്കാനാകും. കൊല്ലം സിജിഎച്ച്എസ് വെൽനസ് സെന്റര്‍ എന്ന ദീര്‍ഘകാലത്തെ ആവശ്യമാണ് സാക്ഷാത്കരിക്കുന്നത്. സിജിഎച്ച്എസിന്റെ വെല്‍നസ് സെന്റര്‍ കൊല്ലത്ത് ആരംഭിക്കണമെന്ന ആവശ്യം പതിനേഴാം ലോകസഭയുടെ കാലയളവില്‍ എൻ.കെ.പ്രേമചന്ദ്രൻ എംപി ഉന്നയിച്ചിരുന്നു.
വെല്‍നസ് സെന്റര്‍ ആരംഭിക്കാനുള്ള നടപടികള്‍ തുടര്‍ന്ന് വരവേയാണ് ലോക്സഭാ ഇലക്ഷന്റെ പ്രഖ്യാപനമുണ്ടായത്. പതിനെട്ടാം ലോകസഭാ ആരംഭിച്ചതു മുതല്‍ തന്നെ വെല്‍നസ് സെന്ററിന്റെ തുടര്‍ പ്രവര്‍ത്തനങ്ങൾ ഊര്‍ജിതപ്പെടുത്തി. നിരന്തരമായ ഇടപെടലിനെ തുടര്‍ന്നാണ് വെല്‍നസ് സെന്റര്‍ ആരംഭിക്കുന്നതിന് അംഗീകാരം ലഭിച്ചത്.
3000 മുതല്‍ 3500 ചതുരശ്ര അടി വിസ്തീര്ണമുളളതും ഗുണഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്നതും വാഹനങ്ങള്‍ക്കു പാര്‍ക്കു ചെയ്യാന്‍ കഴിയുന്നതുമായ സ്ഥലമാണ് വെല്‍നസ് സെന്റര്‍ തുങ്ങുന്നതിനു വേണ്ടത്.
കൊല്ലത്തെ ഇന്‍കം ടാക്സിന്റെ ഉടമസ്ഥയിലുളള കെട്ടിടങ്ങള്‍ വാടകയ്ക്ക് ലഭിക്കാനായിആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍, ഇന്‍കം ടാക്സ് തിരുവനന്തപുരം ചീഫ് കമ്മീഷണറോടും കൊല്ലം അഡീഷണല്‍ കമ്മീഷണറോടും ആവശ്യപ്പെട്ടിട്ടുണ്ട്.
കെട്ടിടം കിട്ടുന്ന മുറയ്ക്ക് വെല്‍നെസ് സെന്ററിന്റെ പ്രവര്‍ത്തനം എത്രയും പെട്ടെന്ന് ആരംഭിക്കുവാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രേമചന്ദ്രൻ എംപി പറഞ്ഞു. കൊല്ലത്ത് വെല്‍നെസ് സെന്റര്‍ ആരംഭിക്കാന്‍ പ്രത്യേക അനുമതി നൽകിയ കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നഡ്ഡയോട് എംപി നന്ദി അറിയിച്ചു.